KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇഞ്ചിയാനിയിൽ വീണ്ടും ബന്തിപ്പൂകൃഷിയുടെ വിജയഗാഥ ; മാർ ജോസ് പുളിക്കൽ വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മുണ്ടക്കയം : കൃഷിയെയും കാർഷിക മേഖലയെയും ഏറെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇഞ്ചിയാനി ഹോളി ഫാമിലി ഇടവക വികാരി ഫാ. ജോസഫ് കല്ലുപ്പറമ്പത്തിന്റെ നേതൃത്വത്തിൽ, കുട്ടികളെയും പ്രദേശവാസികളെയും ഒപ്പം നിർത്തിയാണ് ഇഞ്ചിയാനിയിൽ ബന്തിപ്പൂക്ക്യഷിയുടെ വിജയഗാഥ ഒരുക്കിയത്. എല്ലാ വിഭാഗത്തിലുംപെട്ട സാധാരണക്കാരായ ആളുകളാണ് കൂട്ടായ്മയിലുള്ളത്.

പ്രദേശവാസിയായ സുജ വടക്കുംമുറിയിലിന്റെ ഒരേക്കറോളം വരുന്ന തരിശുഭൂമിയാണ് ഒത്തൊരുമയിൽ മനോഹരമായ പൂന്തോട്ടമായി മാറിയത്. കഴിഞ്ഞ രണ്ടുമാസമായി വിദ്യാർഥികളും മാതാപിതാക്കളും നാട്ടുകാരും നടത്തിയ അധ്വാനം പൂക്കളായി വിരിഞ്ഞു കഴിഞ്ഞു. നാടിന്റെ ആഘോഷമാക്കി വിളവെടുപ്പും നടത്തി. പൂക്കളുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു.

ഓണത്തിന് വിളവെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭിച്ചതെങ്കിലും കാലാവസ്ഥ വ്യതിയാനം മൂലം താമസിച്ചാണ് ചെടികൾ പൂത്തത്. ഇപ്പോൾ ഒരു പ്രദേശമാകെ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ബന്ദിച്ചെടികൾ പൂത്തുനിൽക്കുന്ന കാഴ്ച നയന മനോഹരമാണ്. കണ്ണിനു കുളിർമയും മനസിന് ആനന്ദവും നൽകി ഒരു പ്രദേശമാകെ പൂത്തുനിൽക്കുന്ന ബന്ദിച്ചെടികളുടെ മനോഹര കാഴ്ചകൾ കാണുവാൻ നിരവധിപേർ എത്തുന്നുണ്ട് .

നാടിന്റെ ഐക്യവും കൂട്ടായ്മയും കാത്തുസൂക്ഷിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻവർഷങ്ങളിലും ഇത്തരത്തിൽ ബന്തിപ്പൂകൃഷി ഇവിടെ വിജയകരമായി നടത്തിയിരുന്നു. പ്രദേശത്തെ എല്ലാ വിഭാഗങ്ങളിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി ഫാ. ജോസഫ് കല്ലൂപ്പറമ്പത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേളത്തിൽ പരിശീലനവും നടത്തിവരുന്നു. കൂടാതെ സ്കൂ‌ളിനോട് ചേർന്ന് നിരവധിയായ പച്ചക്കറി കൃഷികളും ഫാ. ജോസഫ് കല്ലുപ്പറമ്പത്തിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ഇവിടെ നിന്നു ലഭിക്കുന്ന വിളകളെല്ലാം സൗജന്യമായി പ്രദേശവാസികൾക്ക് നൽകുകയാണ് ചെയ്യുന്നത്. സ്കൂൾ വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും ഈ കാർഷികവൃത്തിയിൽ ഏറെ സന്തോഷത്തോടെയും ഒത്തൊരുമയോടെയും പങ്കാളികളാകുന്നുണ്ട്.

മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുക എന്ന സാമൂഹികദൗത്യം കൂടിയാണ് കൃഷിയിലൂടെ ഇഞ്ചിയാനിയിൽ യാഥാർഥ്യമായതെന്ന് ഫാ. ജോസഫ് കല്ലൂപ്പറമ്പത്ത് പറഞ്ഞു.

error: Content is protected !!