പാറക്കടവ് ജംക്ഷനിൽ മരം ഒടിഞ്ഞു വീണു വൈദ്യുതി പോസ്റ്റ് തകർന്നു
കാഞ്ഞിരപ്പള്ളി : ഇന്നലെ വൈകിട്ടുണ്ടായ കാറ്റിൽ ടൗണിനു സമീപത്തെ പാറക്കടവ് ജംക്ഷനിൽ ട്രാൻസ്ഫോർമറിന്റെ സമീപത്തു നിന്നിരുന്ന മരം ഒടിഞ്ഞു വീണു നാശം. സമീപത്തെ തോടരികിൽ ഉണങ്ങി നിന്ന പഞ്ഞിമരം ഒടിഞ്ഞു ജംക്ഷനിലെ വൈദ്യുതി പോസ്റ്റും തകർത്തു നിലംപതിച്ചു . വൈകി ട്ട് 5 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലാണു മരം ഒടിഞ്ഞു വീണത്. ആ സമയം അതുവഴി കടന്നു പോയയാൾ ശബ്ദം കേട്ട് ഓടി മാറിയതിനാൽ അപകടം ഒഴിവായി.
മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതോടെ വൈദ്യുതി ലൈനുകളും പൊട്ടി വീണു. കാഞ്ഞിരപ്പള്ളിയിൽ നിന്നും പാറക്കടവ് വഴിയുള്ള ഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കെഎസ്ഇബി ജീവനക്കാർ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. ഇതിന് സമീപത്തായി മറ്റൊരു മരം കൂടി അപകട ഭീഷണിയാ യി നിൽപ്പുണ്ടെന്നും ഇതു മുറിച്ചു മാറ്റു ന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
