മുണ്ടക്കയം പൈങ്ങന ഭാഗത്ത് കാട്ടുപന്നിശല്യം അതിരൂക്ഷം ; പ്രദേശവാസികൾ ദുരിതത്തിൽ
മുണ്ടക്കയം: ടൗണിനോട് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള പൈങ്ങന ഭാഗത്തു കാട്ടുപന്നിശല്യം അതിരൂക്ഷം.പകലെന്നോ രാത്രിയെന്നോ വ്യാത്യാസമില്ലാതെ ജനവാസ മേഖലയില്‍ കാട്ടുപന്നി ഇറങ്ങുന്നതു ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്.
വൈകുന്നേരമായാല്‍ പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ വശത്തുകൂടി മുപ്പത്തൊന്നാംമൈലില്‍ എത്തുന്ന ബൈപാസ് റോഡില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെയാണു വിഹരിക്കുന്നത്. റോഡ് കൈയടക്കുന്ന പന്നിക്കൂട്ടം നേരം പുലരുംവരെ മേഖലയില്‍ വ്യാപകമായാണ് കൃഷി നശിപ്പിക്കുന്നത്. നൂറുകണക്കിനു കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശത്ത് രാത്രിയായാല്‍ ഇരുചക്ര വാഹന യാത്രികരും കാല്‍നടയാത്രികരും ജീവൻ പണയപ്പെടുത്തിയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്.റോഡില്‍ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നിക്കൂട്ടം വാഹനങ്ങള്‍ വന്നാല്‍പോലും റോഡില്‍ത്തന്നെ നില്‍ക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
ടാപ്പിംഗ് നിർത്തിയതിനെത്തുടർന്നു കാട് വളർന്നു കയറിയ തോട്ടങ്ങള്‍ കാട്ടുപന്നികള്‍ക്കു വസിക്കുന്നതിനു വഴിവയ്ക്കുന്നു. ഇത്തരത്തില്‍ നിരവധി തോട്ടങ്ങളാണ് പൈങ്ങന-മുപ്പത്തൊന്നാംമൈല്‍ മേഖലകളിലുള്ളത്. ഇവിടങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായി തമ്പടിക്കുകയാണ്. ചക്ക സീസണ്‍ ആയതോടെ ചക്കകള്‍ പഴുത്ത് പ്ലാവിനു ചുവട്ടില്‍ വീണു കിടക്കുന്നതു പന്നികളുടെ വരവിനു കൂടുതല്‍ വഴിവയ്ക്കുന്നുണ്ട്.
നാളുകളായി കൂട്ടാമായി എത്തുന്ന പന്നികള്‍ മേഖലയിലെ കൃഷിയിടങ്ങള്‍ക്കു വ്യാപക നാശനഷ്ടമാണ് വരുത്തുന്നത്. കാട്ടുപന്നിയുടെ ശല്യം കാരണം ഒട്ടുമിക്കവരും വീടിന്‍റെ പരിസരത്തു പച്ചക്കറികള്‍ നട്ടുവളർത്തുന്നതുപോലും ഉപേക്ഷിച്ചു. ഈ പ്രദേശങ്ങളില്‍ പാട്ടത്തിനെടുത്തും സ്വന്തമായും കൃഷി ഇറക്കിയവർ കാട്ടുപന്നികളുടെ ശല്യം മൂലം കൃഷി ഉപേക്ഷിക്കുകയാണ്. പലർക്കും കൃഷിയിടങ്ങളില്‍നിന്നു വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.
കാട്ടു പന്നികളെ വെടിവച്ചു കൊല്ലുവാൻ സർക്കാർ അധികാരം നല്‍കിയിട്ടുണ്ടെങ്കിലും ഇത്തരം നടപടികള്‍ക്കൊന്നും അധികാരികള്‍ തുനിയുന്നില്ലെന്നും ആക്ഷേപമുണ്ട്. അടിയന്തമായി കാട്ടുപന്നി ശല്യം ഒഴിവാക്കാൻ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്
