കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ ഇനി ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ; വാട്ടർ എ.ടി.എമ്മിന്റെ ഉദ്‌ഘാടനം മന്ത്രി നിർവഹിച്ചു ; ഗൂഗിൽ പേ സംവിധാനവും ക്യു.ആർ. കോഡ് ഉപയോഗിച്ചും വെള്ളം എടുക്കാം .
കാഞ്ഞിരപ്പള്ളി : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, ഇടയിരിക്കപ്പുഴ , കറുകച്ചാൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച വാട്ടർ എ.ടി.എമ്മുകളുടെ ഉദ്‌ഘാടനം കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ , ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം. ജോൺ,ലതാ ഷാജൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ഗ്രാമപഞ്ചായത്തംഗം ആൻ്റണി മാർട്ടിൻ , ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു എന്നിവർ പ്രസംഗിച്ചു.
പൊതുജനങ്ങൾക്ക് 1 രൂപ നാണയം നിക്ഷേപിക്കുമ്പോൾ ഒരു ലിറ്റർ വെള്ളവും 5 രൂപ നാണയം നിക്ഷേപിക്കുമ്പോൾ 5 ലിറ്റർ വെള്ളവും ലഭിക്കത്തക്കവിധമാണ് മെഷീൻ ക്രമീകരിച്ചിരിക്കുന്നത്. ഗൂഗിൽ പേ സംവിധാനവും ക്യു.ആർ. കോഡ് ഉപയോഗിച്ചും വെള്ളം എടുക്കാവുന്നതാണ്.
ആധുനിക വാട്ടർ പ്യൂരിഫിക്കേഷൻ സംവിധാനമായ ആർ. ഒ പ്ലസ് യു.വി. ഫിൽട്ടർ ഉള്ളതും ചൂട്, തണുപ്പ്, നോർമൽ എന്നീ വിധത്തിൽ ജലം ലഭിക്കുന്നതിന് സൗകര്യമുള്ളതുമാണ്. ആശുപത്രിയിൽ എത്തുന്ന പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
