സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് യുവാവിന്റെ കാൽ കുടുങ്ങി ; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
തമ്പലക്കാട് • വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു കാൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. തമ്പലക്കാട് താഴത്തുകാവിൽ മജേഷ് മോഹനന്റെ (40) ഇടതു കാലാണ് വലിയ കല്ലുകൾക്കിടയിൽ കുടുങ്ങിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കല്ലുകൾ മാറ്റിയാണ് മജേഷിന്റെ കാൽ പുറത്തെടുത്തത്. മജേഷിന്റെ ഇടതു കൈക്കു പൊട്ടലുമുണ്ടായി.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ തമ്പലക്കാട് തൊണ്ടുവേലി ബേബി വട്ടയ്ക്കാടിന്റെ വീടിന്റെ പിൻവശത്തെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുവീണത്. പെയ്ന്റ് ചെയ്യുന്നതിനായി മജേഷ് സംരക്ഷണഭിത്തി വൃത്തിയാക്കുകയായിരുന്നു. അപ്രതീക്ഷിതമായി മതിൽ ഇടിഞ്ഞു വീണതിനെ തുടർന്ന് മജേഷിന്റെ കാൽ പൊളിഞ്ഞുവീണ മതിലനടിയിൽ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്‌സ് സേന അംഗങ്ങൾ മാജേഷിനെ രക്ഷപ്പെടുത്തിയ ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.
