ഏയ്ഞ്ചൽസ് വില്ലേജിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് നൂറുമേനി വിളവ്.. നിറഞ്ഞ സന്തോഷത്തോടെ റോയി അച്ചനും മാലാഖമാരും..
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരുടെ ഉന്നമനത്തിനായി പൊൻകുന്നം ചെങ്കല്ലിൽ സ്ഥാപിതമായ ഏഞ്ചൽസ് വില്ലേജിൽ വിപുലമായ രീതിയിൽ കൃഷി ചെയ്യുന്ന ഡ്രാഗൺ ഫ്രൂട്ട്സിന്റെ വിളവെടുപ്പ് ഉത്സവത്തിന് മുന്നോടിയായി, കൃഷി വിശേഷങ്ങൾ ഏഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ പങ്കുവയ്ക്കുന്നു.
വീഡിയോ കാണുക.
മാലാഖമാരുടെ ഗ്രാമം പ്രകൃതിക്ക് ഇണങ്ങിയ ഒരു ഇടം ആണ്.
ബുദ്ധിപരമായ ഭിന്നശേഷിയുള്ള കുട്ടികൾക്കായി 1979-ൽ കാഞ്ഞിരപ്പള്ളി രൂപത ആരംഭിച്ച ആശാനിലയം ഇന്ന് അതിൻ്റെ ജൈത്രയാത്രയുടെ മറ്റൊരു ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. പൊൻകുന്നം അടുത്ത് ചെങ്കൽ19-ാം മൈലിൽ 12 ഏക്കർ സ്ഥലത്ത് 12 വ്യത്യസ്ഥ പദ്ധതികളോടു കൂടി നിലകൊള്ളുന്ന ഗ്രാമമാണ് ഈ മാലാഖമാരുടെ ഗ്രാമം. ‘ അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ മുതൽ മരണം വരെ, അവർക്ക് ഒരു സപ്പോർട്ട് നൽകത്തക്കവിധം ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടിയുള്ള ഒരു സമഗ്ര പദ്ധതിയാണിത്. ഇവർക്ക് പഠനം ,നൈപുണ്യ വികസനം, വിവിധ തൊഴിൽ സംരഭം, പുനരധിവാസം എന്നിവ നൽകുകയാണ് ലക്ഷ്യം. കൃഷിക്കും മൃഗപരിപാലനത്തിനും വലിയ പ്രാധാന്യം നൽകിക്കൊണ്ട് ഹോർട്ടികൾച്ചർ തെറാപ്പി, പെറ്റ് തെറാപ്പി എന്ന നിലയിൽ വിവിധങ്ങളായ സംരംഭങ്ങൾക്ക് ഇവിടം നേതൃത്വം നൽകുന്നു. മൃഗപരിപാലനം ഒരു പെറ്റ് തെറാപ്പി എന്ന നിലയിൽ കൂടിയാണ് കാണുക. പശുവളർത്തൽ, ആട് വളർത്തൽ, താറാവ്, വിവിധയിനം കോഴികൾ, മുയൽ, ലൗവ് ബേർഡ്സ്, വിവിധയിനം മീനുകൾ വളർത്തുന്ന മീൻകുളങ്ങൾ തുടങ്ങിയവ പെറ്റ് തെറാപ്പിയുടെ ഭാഗമായി ഇവിടെയുള്ളവയാണ്.
ഹോർട്ടികൾച്ചർ തെറാപ്പിയുടെ ഭാഗമായി ചെങ്കല്ലിൽ ഉള്ള 12 ഏക്കർ സ്ഥലത്തോടൊപ്പം കാഞ്ഞിരപ്പള്ളി പുളിമാവിലുള്ള 10 ഏക്കർ സ്ഥലത്ത് 16 പ്ലോട്ടുകളായി തിരിച്ച് വിവിധ കൃഷി കൾ ചെയ്തു വരുന്നു. ഇതോടൊപ്പം നൂതനമായ ഒരു കൃഷി എന്ന നിലയിൽ ചെങ്കല്ലിൽ ഉള്ള എയ്ഞ്ചൽസ് വില്ലേജിനോട് ചേർന്ന് ഡ്രാഗൺ ഫ്രൂട്ട് കൃഷി വിജയകരമായി ആരംഭിക്കുവാൻ സാധിച്ചു. 1600 ചെടികൾ കഴിഞ്ഞ വർഷം നട്ടതിൽ കായ്കൾ പഴുത്ത് നിൽക്കുന്നത് നയനാനന്ദകരമായ കാഴ്ചയായി മാറിയിരിക്കുന്നു. ചക്കയുടെ പ്രോസസിംഗ് യൂണിറ്റ് ,ചാണകപ്പൊടിയുടെ എൻറിച്ച്ഡ് കൗഡംഗ് യൂണിറ്റ തുടങ്ങി യ കൃഷിസംരംഭങ്ങൾ ഉൾപ്പെടെ 72 അനുബന്ധ തൊഴിൽ സംരംഭങ്ങളോട് ചേർന്ന് ഡ്രാഗൺ ഫ്രൂട്ട് കൃഷി കൂടി ആരംഭിച്ചിരിക്കുമ്പോൾ എയ്ഞ്ചൽസ് വില്ലേജിലെ രണ്ട് തൊഴിൽ പരിശീലന കേന്ദ്രങ്ങളിലെ 190 യുവതി യുവാക്കളും എയ്ഞ്ചൽസ് വില്ലേജിലുള്ള 324 കുട്ടികളും അവർക്ക് പരിശീലനം നൽകുന്ന 82 ജീവനക്കാരും ഇവരുടെ മാതാപിതാക്കളും ഇന്ന് ഏറെ സന്തോഷത്തിലും അഭിമാനത്തിലും ആണ്.
ഡ്രാഗൺ ഫ്രൂട്ട് കൃഷി ഒരു തൊഴിൽ പരിശീലനവും തൊഴിലും ഒരു ബിസിനസും എന്നതിനോടൊപ്പം ഒരു തെറാപ്പി എന്ന നിലയിൽക്കൂടി പ്രയോജനപ്പെടുത്തുുവാൻ കഴിയുന്നു എന്നത് ഏറെ ആഹ്ളാദകരമാണ്.
ഇവിടെയുള്ള യുവതി യുവാക്കളും ജീവനക്കാരും കൂടിയാണ് ചെടികൾ പരിപാലിച്ച് വളർത്തി എടുത്തത്. ജൈവ കൃഷി രീതിയാണ് ഇതിന് അവലംഭിച്ചിരിക്കുന്നത്. ഡ്രാഗൺ ഫ്രൂട്ട് ഒരു സംസുഷ്ട ഭക്ഷണവും മരുന്നും ആണ്.
ജൂസ്, ഷെയ്ക്ക്, സാലഡ് എന്നീ നിലകളിൽ ഉപയോഗിക്കുന്നു. തേനും കൂടി ചേർത്ത് കഴിച്ചാൽ ഏറെ സ്വാദിഷ്ടമാണ്.
കാൻസർ രോഗികൾക്ക് ബ്ലഡ് കൗണ്ട് കൂടുവാൻ ഏറെ ഉത്തമമാണെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ‘
എയ്ഞ്ചൽസ് വില്ലേജിലുള്ള എയ്ഞ്ചൽസ് ഷോപ്പിൽ നിന്നും പഴങ്ങൾ വാങ്ങുവാൻ സാധിക്കും.
