പള്ളിക്കത്തോട് ഗവ. ഐടിഐയിൽ 2025 വർഷത്തെ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: പള്ളിക്കത്തോട് ഗവൺമെൻ്റ് ഐടിഐയിൽ 2025 വർഷത്തെ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി സ്കൂൾ അധികൃതർ പത്രസമ്മേളനത്തിലറിയിച്ചു. ആകെ 19 കോഴ്സുകളാണുള്ളത്. പത്താം ക്ലാസ് വിജയിച്ചവർക്കായി 15 കോഴ്സുകളും പത്താം ക്ലാസ് വിജയിക്കാത്തവർക്ക് നാല് കോഴ്‌സുകളുമുണ്ട്. സംസ്ഥാനത്ത് ഡിജിറ്റൽ ഫോട്ടോഗ്രഫി, ഡയറിംഗ് എന്നീ കോഴ്സുകളുള്ള ഏക ഗവൺമെന്റ് ഐടിഐയാണിത്. വിദേശരാജ്യങ്ങളിലെ ജോലികൾക്ക് അടക്കം സമർപ്പിക്കാവുന്ന എൻസിവിടി സർട്ടിഫിക്കറ്റാണ് നൽകുന്നത്.
കഴിഞ്ഞ വർഷം പഠിച്ച 90 ശതമാനം വിദ്യാർഥികൾക്കും കാമ്പസ് പ്ലേസ്മെന്റിലൂടെ ജോലി ലഭിച്ചതായി അധികൃതർ അറിയിച്ചു. ഹ്രസ്വ കാല കോഴ്സുകളിലേക്ക് അടക്കം ചേരുന്നതിന് പ്രായപരിധിയില്ല. 30ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. എസ്‌സി, എസ്ടി വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡ് ലഭിക്കും.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ വി. വിജിമോൾ, വൈസ് പ്രിൻസിപ്പൽ ജോൺസൺ മാത്യു, ഗ്രൂപ്പ് ഇൻസ്ട്രക്‌ടർ പി.കെ. ഉണ്ണി, സ്റ്റാഫ് കോ-ഓർഡിനേറ്റർ വി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
