KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏന്തയാർ ഈസ്റ്റ് പാലം താത്കാലികമായി തുറന്നു ; പ്രളയ ബാധിത മേഖലയ്ക്ക് ആശ്വാസം

ഏന്തയാർ: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മഹാദുരന്തം നടന്ന് നാലു വർഷത്തോടടുക്കുമ്പോൾ പ്രളയ ബാധിത മേഖലയ്ക്ക് ആശ്വാസം. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ ഏന്തയാർ ഈസ്റ്റ് പാലം ചെറുവാഹനങ്ങൾക്കും കാൽ നട യാത്രക്കാർക്കും കടന്നു പോകാവുന്ന രീതിയിൽ താത്കാലികമായി തുറന്നുനൽകി.

പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. അപ്രോച്ച് റോഡിന്റെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. നിർമാണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തിയാക്കിയതിനുശേഷം ഔദ്യോഗിക ഉദ്ഘാടനം പിന്നീട് ആഘോഷമായി നടത്താനാണ് തീരുമാനം.

കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഉരുൾ പൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ കൊക്കയാർ പഞ്ചായത്തിന്റെ മലയോ രമേഖലയിലെ ആളുകൾക്ക് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കണം. കൂടാതെ സ്‌കൂൾ തുറന്നതോടെ വിദ്യാർഥികളടക്കമുള്ളവരുടെ യാത്രാക്ലേശവും വലുതാണ്. ഇത് മുൻനിർത്തിയാണ് ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പുതന്നെ പാലം താത്കാലി കമായി തുറന്നു കൊടുത്തിരി ക്കുന്നത്.

പ്രളയത്തിൽ തകർന്ന പാലത്തിന് പകരം 4.7 കോടി രൂപ മുടക്കിയാണ് പുതിയ പാലം നിർമിച്ചത്. പ്രളയത്തിൽ തകർന്ന മറ്റു രണ്ട് പ്രധാനപ്പെട്ട പാലങ്ങളായ ഇളംകാട്, കൊക്കയാർ പാലങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്. ഈ പാലങ്ങളുടെ കൂടി നിർമാണം പൂർത്തിയാകുന്നതോടെ പ്രളയത്തിൽ ദുരന്തം വിതച്ച പ്രധാന പാലങ്ങളുടെ എല്ലാം നിർമാണം പൂർത്തിയായി മേഖലയിലേക്കുള്ള യാത്രാസൗകര്യം പൂർണമായും പുനഃസ്ഥാപിക്കാനാകും.

error: Content is protected !!