പൊന്തൻപുഴയിലും ഓലക്കുളത്തും പുലി സാന്നിധ്യം.. വനം വകുപ്പ് പരിശോധന നടത്തി
എരുമേലി: കാടിറങ്ങി പുലികൾ നാട്ടിൽ പലയിടത്തും ഉള്ളതായി സംശയം വർധിച്ചതോടെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് വനം വകുപ്പിലെ ആർആർടി ടീം ഓട്ടത്തിൽ. മുക്കൂട്ടുതറയ്ക്ക് സമീപം പത്തനംതിട്ട ജില്ലയിലുള്ള ഓലക്കുളം തലമുട്ടിയാനി ഭാഗത്തും പുനലൂർ – മൂവാറ്റുപുഴ ഹൈവെയിൽ മണിമലയ്ക്ക് അടുത്ത് വലിയകാവ് – പൊന്തൻപുഴ റോഡിലും പുലിയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആർആർടി ടീം എത്തി പരിശോധന നടത്തി. മഴ പെയ്തത് മൂലം വന്യ ജീവി ഏതാണെന്നു സ്ഥിരീകരിക്കാൻ കാൽപാടുകൾ കണ്ടെത്താമായില്ല. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വന പാലകർ നിർദ്ദേശിച്ചു.
വലിയകാവ് പൊന്തൻപുഴ റോഡിൽ തെരുവ് നായ്ക്കളുടെ എണ്ണം കുറഞ്ഞത് പുലിയുടെ സാന്നിധ്യത്തെ ബലപ്പെടുത്തുന്നതാണെന്നാണ് വനപാലകരുടെ നിഗമനം. വളർത്തുമൃഗങ്ങളെ കാണാതായാൽ ഉടൻ വിവരം അറിയിക്കേണ്ടതാണ്. രാത്രികാലത്തുള്ള ഇരുചക്ര യാത്ര പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നിർദേശമുണ്ട്.
