KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വെച്ചൂച്ചിറ പുലിപ്പേടിയിൽ..വനം വകുപ്പ് പുലിക്കെണി ഒരുക്കി.. നിരീക്ഷണത്തിന് ക്യാമറകളും 40 അംഗ സംഘവും..

മുക്കൂട്ടുതറ : വെച്ചൂച്ചിറ പഞ്ചായത്തില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചാത്തൻതറ താന്നിക്കാപുഴയിലെ നെല്ലിശ്ശേരിപ്പാറ എക്‌സ്- സര്‍വ്വീസ് മെൻ റബ്ബർ തോട്ടത്തില്‍ പുലിക്കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പുലിയിറങ്ങിയെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിരവ്, നൂറേക്കാട്, നെല്ലിശ്ശേരപ്പാറ ഭാഗങ്ങളില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തി. തുടര്‍ നടപടിയായാണ് റാന്നി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര്‍. ജയന്റെ മേല്‍നോട്ടത്തില്‍ പുലിക്കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചത്.

റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണന്‍, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വര്‍ക്കി, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായി. കരികുളം, കണമല ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍, റാന്നി റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

വാഹന സഞ്ചാര യോഗ്യമല്ലാത്ത വഴി ആയതിനാൽ ഇരുമ്പിന്റെ വലിയ കൂട് ചുമന്ന് എത്തിക്കേണ്ടി വന്നു. കൂടിനുള്ളിൽ വന്യജീവിയെ ആകർഷിച്ച് എത്തിക്കാൻ ഒരു വളർത്തു നായയെ കെട്ടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ ടാപ്പിങ് തൊഴിലാളി കക്കുടുമണ്ണ് സ്വദേശി രാജൻ ആണ് റബർ മരം ടാപ്പ് ചെയ്യുന്നതിനിടെ പുലിയെ കണ്ടത്. ഓടി രക്ഷപെട്ട രാജൻ 30 ഏക്കറോളമുള്ള റബർ തോട്ടത്തിൽ മറ്റ് ടാപ്പിംഗ് തൊഴിലാളികളെ വിവരം അറിയിക്കുകയും തുടർന്ന് ജനപ്രതിനിധികളും വനപാലകരും സ്ഥലത്ത് എത്തുകയുമായിരുന്നു. പുലിയെ തന്നെ ആണ് താൻ കണ്ടതെന്ന് രാജൻ ഉറപ്പിച്ചു പറയുന്നു. കറുത്ത നിറത്തിൽ പുള്ളികൾ നിറഞ്ഞതും ശരീരം മഞ്ഞ നിറവുമായിരുന്നു എന്നും ഏകദേശം 150 കിലോയോളം ഭാരം തോന്നിക്കുമെന്നും വലിയ നായയെക്കാൾ ഉയരം കൂടുതൽ ഉണ്ടെന്നും രാജൻ പറയുന്നു. അതേസമയം പരിശോധനയിൽ കണ്ടെത്തിയ കാൽപാടുകൾ 12 സെന്റി മീറ്ററോളം ഉള്ളതാണ്. പുലിയുടെ കാൽപാടുകൾ പത്ത് മുതൽ 12 സെന്റി മീറ്റർ വരെയാണെന്നും 12 സെന്റി മീറ്റർ മുതൽ ഉള്ളത് കടുവയ്ക്കും ഉണ്ടെന്നും അതുകൊണ്ട് ഒരു പക്ഷെ കാൽപാടുകൾ കടുവയുടെ ആകാമെന്നും വനം വകുപ്പിൽ സംശയമുണ്ട്. പുലി ആണെങ്കിലും അതല്ല കടുവ ആണെങ്കിലും പ്രദേശം വിട്ട് ദൂരത്തേക്ക് പോയിട്ടില്ലന്നാണ് നിഗമനം. റബർ തോട്ടത്തിന് അടുത്ത് ആണ് പെരുന്തേനരുവിയുടെ സമീപ പ്രദേശങ്ങളും വനവും.

മേഖലയിലെ എല്ലാ ഇടങ്ങളിലും പറമ്പുകളിലെയും തോട്ടങ്ങളിലെയും വളർന്നു നിൽക്കുന്ന പൊന്തക്കാടുകൾ അടിയന്തിരമായി തെളിക്കാൻ ഇന്നലെ ഉച്ചക്ക് രണ്ടിന് വെച്ചൂച്ചിറ പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ജാഗ്രത സമിതി യോഗത്തിൽ തീരുമാനമായി. കാട് വെട്ടാൻ സാമ്പത്തിക പ്രയാസമുള്ളവർ വിവരം അറിയിച്ചാൽ ജനകീയ സമിതി എത്തി കാട് തെളിക്കാനും യോഗത്തിൽ തീരുമാനമായി.

മേഖലയിൽ വനം വകുപ്പും ദ്രുത കർമ സേനയും നിരീക്ഷണത്തിനുണ്ടാകുമെന്ന് ജാഗ്രത സമിതി യോഗത്തിൽ റാന്നി എംഎൽഎ പ്രമോദ് നാരായണൻ അറിയിച്ചു. വനം വകുപ്പിൽ നിന്നുള്ള 40 അംഗ സംഘം നാല് ടീമുകളായി നിരീക്ഷണം നടത്തുമെന്ന് യോഗത്തിൽ പങ്കെടുത്ത റേഞ്ച് ഓഫിസർ ബി ആർ ജയൻ അറിയിച്ചു. ഓരോ ടീമിലും പത്ത് പേർ വീതമുണ്ടാകും. വനപാലകർക്ക് പുറമെ പരിശീലനം നേടിയ ആർ ആർ ടി അംഗങ്ങൾ ടീമിലുണ്ട്. രാത്രിയിൽ പട്രോളിംഗ് ഉണ്ടാകും. രാത്രിയിൽ പുറത്ത് ഇറങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും യോഗം തീരുമാനിച്ചു. സംശയകരമായ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ജാഗ്രത സമിതിയെ അപ്പോൾ തന്നെ അറിയിക്കണമെന്നും ഭയപ്പെടാതെ ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച പഞ്ചായത്ത്‌ പ്രസിഡന്റ് ഇ വി വർക്കി പറഞ്ഞു. ബ്ലോക്ക്‌ അംഗം നിഷ അലക്സ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജെ ജോസഫ്, സിപിഎം ലോക്കൽ സെക്രട്ടറി ജോജി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!