തിരഞ്ഞെടുപ്പുകളിൽ എസ്എൻഡിപി പ്രാതിനിധ്യം ഉറപ്പാക്കണം, ഒന്നായാലേ നന്നാകൂ എന്ന തത്വം മുറുകെപ്പിടിക്കണം ; വെള്ളാപ്പള്ളി നടേശൻ
മുണ്ടക്കയം : രാഷ്ട്രീയ നീതിക്കായി എസ്എൻഡിപി തങ്ങളുടെ വോട്ട് ഉറപ്പാക്കണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അവകാശങ്ങളും അധികാരവും നേടിയെടുക്കാൻ ഈഴവജനത ഒറ്റക്കെട്ടായി പോരാടുകയും രാഷ്ട്രീയ നീതിക്കായി നമ്മുടെ വോട്ട് നമുക്ക് എന്ന് ഈഴവസമൂഹം ഉറപ്പിക്കുകയും വോട്ട് ബാങ്കായി മാറുകയും ചെയ്യുക എന്നും അദ്ദേഹം ആഹ്വാനം ചെയ്തു .
എസ്എൻഡി പി എരുമേലി – ഹൈറേഞ്ച് യണിയനുകളിലെ ശാഖാ പ്രവർത്തകരുടെ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏതു രാഷ്ട്രീയ പാർട്ടിയിൽ ആണെങ്കിലും അർഹമായ സീറ്റ് സംഘടനാ അംഗങ്ങൾ ഉറപ്പാക്കണം. ഭൂരിപക്ഷം ഉണ്ടായിട്ടും ജനാധിപത്യ നീതി ലഭിക്കാത്തതിനെതിരെ സംഘടന ഉണരണം. ഒന്നായാലേ നന്നാകൂ എന്ന തത്വം മുറുകെപ്പിടിക്കണം. മറ്റു മതശക്തികൾക്കു കേരള രാഷ്ട്രീയം കീഴടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ വിവേചനപരമായ നടപടികൾ എസ്എൻ ഡിപിക്കെതിരെ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഭദ്രദീപം തെളിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി. എരുമേലി യൂണിയൻ ചെയർമാൻ കെ.പത്മകുമാർ, ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി പി.ജീരാജ് എന്നിവർ പ്രസംഗിച്ചു.
ഇരുയൂണിയനുകളിലെ 62 ശാഖകളിൽ നിന്നായി ശാഖ,കുടുംബ യൂണിറ്റ്, സ്വാശ്രയ സംഘം, വനിതാസംഘം, യൂത്ത്മൂവ്മെന്റ് എംപ്ലോയീസ് ഫോറം, പെൻഷനേഴ്സ് കൗൺസിൽ, സൈബർസേന, വൈദിക സമിതി, കുമാരികുമാര സംഘം, ബാലജന യോഗം തുടങ്ങിയവയുടെ ഭാരവാഹികൾ ഉൾപ്പെടെ 1550 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.
