KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജോജി വാളിപ്ലാക്കലിന് അബുദാബിയിൽ വച്ച് ‘കാർഷിക വ്യവസായ സംരംഭകശ്രീ’ അവാർഡ് സമ്മാനിച്ചു.

കാഞ്ഞിരപ്പള്ളി : കാര്‍ഷികമേഖലയിലെ പൊതുപ്രശ്‌നങ്ങൾ ഗവണ്മെന്റിന്റെ മുൻപിലും, അധികാരികളുടെ മുൻപിലും അവതരപ്പിച്ച് പ്രശ്‌നപരിഹാരവും മാധ്യമശ്രദ്ധയും പിടിച്ചുപറ്റിയ , കഴിഞ്ഞ 3 പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സെൻട്രൽ ട്രാവൻകൂർ, റബ്ബർ & പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോജി വാളിപ്ലാക്കല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി ചാപ്റ്ററിന്റെ പുരസ്‌ക്കാരത്തിന് അര്‍ഹനായി. സെപ്റ്റംബർ 20-ാം തീയതി അബുദാബിയിലെ ഇന്‍ഡ്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍വച്ച് നടക്കുന്ന പ്രത്യേക അനുമോദന ഓണാഘോഷ സമ്മേളനത്തില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി ചാപ്റ്റര്‍ ഭാരവാഹികളായ ബൈജു ജോണും, ചെയര്‍മാന്‍ ജോസഫ് മുണ്ടുകോട്ടാലും ചേര്‍ന്ന് ‘കാര്‍ഷിക-വ്യവസായ-സംരംഭകശ്രീ അവാര്‍ഡ് ‘ നല്‍കി ആദരിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പൈനാപ്പിള്‍ കാര്‍ഷികരംഗത്തും, റബ്ബര്‍ അനുബന്ധ വ്യവസായരംഗത്തും പതിറ്റാണ്ടുകളായി പ്രവര്‍ത്തനരംഗത്തുള്ള ജോജി ഒരു പ്ലാന്ററും സംരംഭകനുമാണ്. . ചെറുകിട നാമമാത്ര റബ്ബര്‍ കൃഷിക്കാരുടെ പ്രതിനിധിയായി റബ്ബര്‍ ബോര്‍ഡ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ അന്താരാഷ്ട്രനിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഇന്‍ഡ്യാ റബ്ബര്‍ മീറ്റില്‍ കഴിഞ്ഞ അഞ്ച് തവണ പ്രതിനിധിയായി. കാര്‍ഷിക ഉത്പ്പന്നങ്ങളില്‍നിന്നും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന നബാര്‍ഡിന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ ഓഹരി ഉടമകളായ രണ്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. 2020-ല്‍ തായ്‌ലന്റില്‍ നടന്ന പൈനാപ്പിള്‍ കര്‍ഷകസമ്മേളനത്തില്‍ ഇന്ത്യയിലെ കര്‍ഷകരെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ചു. മധ്യതിരുവിതാംകൂറിലെ വലിയ ഭൂപ്രശ്‌നമായിരുന്ന തോട്ടം-പുരയിടം വിഷയത്തില്‍ സമരസമിതിയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച് പ്രശ്‌നപരിഹാരത്തിന് മുന്‍കൈ എടുത്തു. കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായിരുന്നു. പൊതുസമൂഹത്തില്‍ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചുവരുന്നു. ഇന്‍ഫാം ഉള്‍പ്പെടെയുള്ള വിവിധ കര്‍ഷകസംഘടനയില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. .

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ അധ്യാപികയായ മഞ്ജു ജോജിയാണ് ഭാര്യ. മക്കള്‍ ജോംസ് ജോജി, ഫേബ ജോജി.

error: Content is protected !!