KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി കരിങ്കല്ലുമ്മുഴിയിൽ റോഡിൽ അപകടകുഴികൾ : കുഴിയിൽ ചാടിയ ഓട്ടോയിൽ നിന്നും വീട്ടമ്മ തെറിച്ചു വീണു : ബൈക്കിൽ നിന്നും യുവാവ് വീണു. നാട്ടുകാർ പ്രതിഷേധത്തിൽ..

എരുമേലി : ദിവസവും പാറമടയിൽ നിന്നും ടോറസ് ലോറികളുടെ സഞ്ചാരം മൂലം കരിങ്കല്ലുമ്മുഴിയിൽ റോഡിലുള്ള കുഴികൾ യാതക്കാർക്ക് അപകടക്കെണി ഒരുക്കുന്നു . റോഡിന്റെ നടുവിലെ വലിയ കുഴിയിൽ ചാടിയ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു . അല്പസമയത്തിനു ശേഷം അതെ കുഴിയിൽ ചാടി നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞ് യുവാവും അപകടത്തിൽ പെട്ടു . അതോടെ മക്ക് നിരത്തി കുഴികൾ അടയ്ക്കാൻ എത്തിയ മരാമത്ത് തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കുഴിയിൽ ചാടിയ ഓട്ടോറിക്ഷയിൽ നിന്ന് വീട്ടമ്മ റോഡിലേക്ക് തെറിച്ചു വീണത്. അൽപസമയം കഴിഞ്ഞു ഇതുവഴി ബൈക്ക് യാത്രികനും കുഴിയിൽ ബൈക്ക് ചാടിയതോടെ നിയന്ത്രണം തെറ്റി ബൈക്കുമായി റോഡിൽ വീണു. ഇതേതുടർന്ന് ഇന്നലെ പോലിസ് എത്തി അപകട മുന്നറിയിപ്പ് ആയി കുഴികളുടെ ചുറ്റും ഡിവൈഡർ സ്റ്റമ്പുകൾ വെക്കുകയും കുഴികൾ അടയ്ക്കണമെന്ന് ദേശീയ പാതാ വിഭാഗത്തെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് വൈകിട്ട് കുഴികളിൽ മക്ക് ഇറക്കാൻ തൊഴിലാളികൾ എത്തിയത്.

നിരവധി തവണ ഇവിടെ കുഴിയടയ്ക്കൽ നടത്തിയതാണ്. എന്നാൽ തൊട്ടടുത്ത പാറമടയിൽ നിന്നും ഭാരമേറിയ ലോഡുമായി ടോറസ് ലോറികളെത്തുന്നതോടെ പൊട്ടിപ്പൊളിഞ്ഞ് പഴയതിനേക്കാൾ വലിയ കുഴികളായി മാറുകയാണ്. താൽക്കാലിക തട്ടിക്കൂട്ട് കുഴിയടയ്ക്കൽ നടത്തരുതെന്നും ശരിയായ രീതിയിൽ പണികൾ നടത്തി അപകട സാധ്യത ഒഴിവാക്കണമെന്നുമുള്ള ആവശ്യത്തിലാണ് നാട്ടുകാർ.

error: Content is protected !!