കിസാന്‍മേളയും കാര്‍ഷിക പ്രദര്‍ശനവും
പാറത്തോട്: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി പാറത്തോട് പഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ പാറത്തോട് കിസാന്‍ മേളയും കാര്‍ഷിക പ്രദര്‍ശനവും 30ന് രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ കാര്‍ഷിക മേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിക്കും. പൂഞ്ഞാര്‍ നിയോജകമണ്ഡലം മേളയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയില്‍ വരുന്ന വിവിധ കൃഷിഭവനുകളുടെ കീഴില്‍ രൂപീകരിച്ച കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച മൂല്യവർധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും. അതോടൊപ്പം സെന്‍റ് ഡൊമിനിക്സ് കോളജ് ബി വോക് വിദ്യാർഥികള്‍ ഒരുക്കുന്ന കാര്‍ഷിക പ്രദര്‍ശനം, കൂട്ടിക്കല്‍ കാര്‍ഷിക കര്‍മ സേന തയാറാക്കിയ പച്ചക്കറിതൈകളുടെയും വിത്തുകളുടെയും പ്രദര്‍ശന വില്‍പന സ്റ്റാളുകള്‍, കാര്‍ഷിക യന്ത്രങ്ങളുടെയും ഡ്രോണുകളുടേയും പ്രദര്‍ശനം, കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി പ്രകാരം സബ്സിഡി നിരക്കില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസരം, വന്യജീവി ആക്രമണത്തില്‍ നിന്നു കൃഷിയെ സംരക്ഷിക്കുന്നതിന് ആവശ്യമായ സോളാര്‍ ഫെന്‍സിംഗിനെ പറ്റി അറിയുന്നതിനും കൃഷിയിടത്തില്‍ ഉപയോഗിക്കുന്നതിനും ഉപകാരപ്രദമാകുന്ന സ്റ്റാളുകള്‍, സൂഷ്മ ജലസേചന സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതും കൃഷിയിടത്തില്‍ ഉപയോഗിക്കുന്നതിനും ഉപകാരപ്രദമാകുന്ന സ്റ്റാളുകള്‍, ഫലവൃക്ഷതൈകള്‍, ജാതി തൈകള്‍, അലങ്കാര ചെടികള്‍ എന്നിവ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനുമായുള്ള സ്റ്റാളുകള്‍, എന്നിവ അടക്കം മുപ്പതോളം സ്റ്റാളുകള്‍ മേളയുടെ ഭാഗമാകും.
കാര്‍ഷിക എൻജിനിയറിംഗ് വകുപ്പിന്‍റെ നേതൃത്ത്വത്തില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ കാര്‍ഷിക ഉപകരണങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് ഉപയോഗ പ്രദമാക്കുന്നതിനാവശ്യമായ പ്രത്യേക സ്റ്റാളും അന്നേദിവസം മേളയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 11.30 മുതല്‍ മണ്ണറിഞ്ഞ് വിള പരിപാലനം എന്ന വിഷയത്തില്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ പ്രഫ.ഡോ.പി.എസ്. ജോൺ, ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വന്യജീവി ആക്രമണവും നഷ്ടപരിഹാരവും എന്ന വിഷയത്തിൽ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജു ബി. നായർ, സർപ്പ – പാമ്പുകളെ പറ്റിയുള്ള അവബോധം എന്ന വിഷയത്തിൽ സ്നേക്ക് വോളന്‍റീയർ രാജേഷ് കടമമാൻചിറ എന്നിവർ ക്ലാസ് നയിക്കും.
