പി. പി. റോഡിൽ ഇളങ്ങുളത്ത് വാഹനാപകടം : യുവാവ് മരിച്ചു
പൊൻകുന്നം : ഇളങ്ങുളം രണ്ടാം മൈലിനു സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെന്നറമ്പിൽ അനൂപ് രവി (27) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. അനൂപ് സഞ്ചരിച്ച സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന ഇന്നോവ കാർ നിയന്ത്രണം തെറ്റി വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനൂപ് സമീപ വീടിന്റെ മതിൽക്കകത്തെ പുരയിടത്തിലേയ്ക്ക് തെറിച്ചു വീണു. ഇന്നോവ കാർ വട്ടം കറങ്ങിതിരിഞ്ഞ് റോഡരികിലെ പനച്ചിക്കൽ വീടിന്റെ ഭിത്തിയിലിടിച്ചാണ് നിന്നത്.
അപകടത്തെ തുടർന്ന് അനൂപിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചെങ്ങളം കിറ്റ്സ് എഞ്ചിനിയറിംഗ് കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന തിരുവഞ്ചൂർ താന്നിപ്പടി അഭിനന്ദ് (21) , മണിമല സ്വദേശി അശ്വിൻ ( 21), കൂരോപ്പട സ്വദേശിനി ലക്ഷ്മി സജി ( 21) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒപ്പം പഠിക്കുന്ന റാന്നി സ്വദേശിനിയെ പൊൻകുന്നത്ത് നിന്നും കയറ്റിക്കൊണ്ടുവരാൻ പോയതായിരുന്നു.
അനൂപിന്റെ പിതാവ്: ടി .രവി, മാതാവ് :വിജയ ലക്ഷ്മി
സഹോദരൻ: വിഷ്ണു രവി, സഹോദരി: ചിഞ്ചു രവി
മൃതദേഹം: പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു ; സംസ്കാരം ചൊവ്വാഴ്ച 11.30 ന് വീട്ടുവളപ്പിൽ.
ഇലക്ട്രിഷ്യനായിരുന്നു. വർക്കിനായി രാവിലെ പൈകയ്ക്ക് പോയതായിരുന്നു. വഴിയിൽ സ്‌കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുന്നതിടെയായിരുന്നു അപകടം സംഭവിച്ചത് .
