കാഞ്ഞിരപ്പള്ളിയുടെ വികസന സ്വപ്നങ്ങൾ പങ്കുവെച്ച് സ്റ്റുഡൻസ് സഭ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ പാർലമെന്ററികാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സ്റ്റുഡൻസ് സഭയിൽ 45ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ മണ്ഡലത്തിന്റെ വരുംകാല വികസനത്തെക്കുറിച്ചും നിലവിലുള്ള അവസ്ഥയെക്കുറിച്ചും കാഞ്ഞിരപ്പളളി എം.എൽ.എ യും സർക്കാർ ചീഫ് വിപ്പുമായ ഡോ.എൻ. ജയരാജുമായി മണ്ഡലവികസന ആശയങ്ങൾ പങ്കുവെച്ചു.
കാഞ്ഞിരപ്പള്ളിയുടെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കൃത്യമായ ടൗൺ പ്ലാനിങ് വേണമെന്നായിരുന്നു കറുകച്ചാൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ ശ്രീദത്ത് എസ്. ശർമയുടെ ആവശ്യം. കറുകച്ചാൽ കവലയുടെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും കറുകച്ചാൽ ബൈപ്പാസിനായി നാലു കോടി രൂപ അനുവദിച്ച് ടെൻഡർ നടപടിയായിട്ടുണ്ടെന്നുമായിരുന്നു എം.എൽ.എയുടെ മറുപടി.
കാഞ്ഞിരപ്പള്ളിയിലെ സ്കൂളുകളിലെ കായികാധ്യാപകരുടെ എണ്ണത്തിലുള്ള കുറവും മണിമലയാറിൽ അടിഞ്ഞുകൂടിയ മണ്ണുപയോഗിച്ച് ലോങ്ങ് ജംപ് പിറ്റ് പോലെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നുമായിരുന്നു ചിറക്കടവ് സെന്റ് എഫ്രെയിംസ് ഹൈസ്കൂളിലെ ദേവിക മനു ഉന്നയിച്ച പ്രധാന വിഷയങ്ങൾ. ചിറ്റാർ പുഴയുടെ മലിനീകരണത്തിന് പരിഹാരം കാണുകയെന്നതായിരുന്നു മറ്റൊരാവശ്യം. പിറ്റ് നിർമ്മാണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം പുഴകളുടെ സംരക്ഷണത്തിനായി വിദ്യാർത്ഥികളുടെ സന്നദ്ധസേനയായി ‘സ്റ്റുഡൻസ് ആർമി’ രൂപീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.
നെടുങ്കുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ എയ്ഞ്ചൽ റോസ് അഭിലാഷ് മുന്നോട്ടുവെച്ചത് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഗ്രൗണ്ടുകളുടെ പുനർക്രമീകരണവും കലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാനുള്ള നിർദ്ദേശവുമായിരുന്നു. കറുകച്ചാൽ, നെടുങ്കുന്നം ഗ്രാമപഞ്ചായത്തുകളിൽ കളിക്കളം നിർമ്മിക്കുവാനുള്ള അനുമതി ലഭിച്ചെന്നും ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ടർഫ് നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണെന്നും എംഎൽഎ പറഞ്ഞു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കളിക്കള സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും പറഞ്ഞു. ഇതോടൊപ്പം അഞ്ചേക്കർ ഭൂമിയിൽ 30 കോടി രൂപ വിനിയോഗിച്ച് ഒരു കലാസാംസ്കാരിക സമുച്ചയത്തിന്റെ നിർമ്മാണം അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കുമെന്നും എംഎൽഎ വിശദീകരിച്ചു.
പാർലമെൻ്ററികാര്യ വകുപ്പ്, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ ‘പുറപ്പാട്’, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റുഡൻസ് സഭ സംഘടിപ്പിച്ചത്.
പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. യു.സി ബിവീഷ് സ്വാഗതം പറഞ്ഞ യോഗം
കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ബീഗം അധ്യക്ഷത വഹിച്ചു.
സമാപന ചടങ്ങിൽ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി തോംസൺ കെ പി, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ റോഷന അലികുഞ്ഞ് KAS എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ തോമസ് വെട്ടുവേലി, സിറിൽ തോമസ്, പി.ടി അനൂപ്, ശ്രീജിഷ കിരൺ, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോപകുമാർ, ജി.ഐ.ടി ചെയർമാൻ ജോജി തോമസ്, ഡയറക്ടർ ഡോ. സതീഷ് കുമാർ, പ്രിൻസിപ്പൽ ഡോ. രമേശ്, പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് അഡീഷണൽ സെക്രട്ടറി എം.എസ്. ഇർഷാദ് എന്നിവർ പങ്കെടുത്തു.
