ജില്ലാ പഞ്ചായത്ത് : മുണ്ടക്കയത്ത് മത്സരിക്കണമെന്ന് മുസ്‌ലിം ലീഗ്
മുണ്ടക്കയം : കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മുണ്ടക്കയം ഡിവിഷനിൽ നിന്ന് മത്സരിക്കണം എന്ന ആവശ്യത്തിലുറച്ച് മുസ്‌ലിം ലീഗ്. നേരത്തെ മുണ്ടക്കയം, എരുമേലി സീറ്റുകളിൽ ഏതെങ്കിലും ഒന്നെന്ന നിലപാടിൽനിന്നാണു വ്യക്തമായി ഒരു സീറ്റ് എന്ന ആവശ്യത്തിലേക്കു ലീഗ് എത്തിയത്. ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലിനു വേണ്ടിയാണു ലീഗ് സീറ്റ് ആവശ്യപ്പെടുന്നത്. വിജയ സാധ്യത ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അവസാന ഘട്ടത്തിലാണു ജില്ലാ പഞ്ചായത്ത് സീറ്റ് എന്ന ആവശ്യത്തിൽനിന്നു ലീഗ് പിന്നാക്കം പോയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഉറപ്പിലാ യിരുന്നു അന്നു ലീഗ് പിന്മാറിയത്.അടുത്ത തവണ ജില്ലാ പഞ്ചായത്ത് സീറ്റ് നൽകാമെന്നായിരുന്നു അന്നത്തെ ധാരണയെന്നു ലീഗ് നേതാക്കൾ പറയുന്നു. ഇത്തവണ ഇതു പാലിക്കണമെന്നാണ് ആവശ്യം. ലീഗുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തും. കാഞ്ഞിരപ്പള്ളി, പായിപ്പാട്, എരുമേലി പഞ്ചായത്തുകളിലും ചങ്ങനാശേരി നഗരസഭയിലും കോൺഗ്രസും ലീഗും തമ്മിൽ സീറ്റ് ധാരണയിൽ തർക്കങ്ങളുണ്ട്. ഇതും ചർച്ചയാകും.
