സ്വകാര്യ ബസിന്റെ ടയർ യാത്രക്കാരിയുടെ കാലിലൂടെ കയറിയിറങ്ങി ; പരിക്കേറ്റ യാത്രക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരുമേലി: ബസിൽ നിന്നിറങ്ങുമ്പോൾ, തെന്നിവീണ യാത്രക്കാരിയുടെ കാലിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. എരുമേലി പത്തിക്കാവ് മങ്ങാട്ടുകാവിൽ കമലമ്മ (66) യുടെ കാലിൽ കൂടിയാണ് ബസിന്റെ ടയർ കയറിയിറങ്ങിയത്. ശനിയാഴ്ച വൈകിട്ട് 4.30 ന് എരുമേലി ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ ബസിൽ നിന്നിറങ്ങുമ്പോൾ വീണ വയോധികയെ സമീപത്തുണ്ടായ ഓട്ടോറിക്ഷക്കാർ പിടിച്ച് മാറ്റിയെങ്കിലും കാലിലൂടെ ബസിന്റെ പിൻഭാഗത്തെ ടയർ കയറിയിറങ്ങുകയായിരുന്നു.
ഉടൻ തന്നെ ബസ് ജീവനക്കാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എറണാകുളത്ത് ജോലി കഴിഞ്ഞു അവധിക്ക് നാട്ടിൽ വരുമ്പോഴാണ് അപകടം ഉണ്ടായത്.
