അപകടങ്ങൾ ഒഴിവാക്കാൻ ചൂട് കാപ്പിയുമായി അപകട മേഖലയായ കണമല ഇറക്കത്തിൽ പോലിസ്.
കണമല : ശബരിമല സീസണിൽ അതീവ അപകട മേഖലയായി മാറുന്ന കണമല ഇറക്കത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർക്ക് ചൂട് കാപ്പി നൽകുന്ന സേവനം ഇന്നലെ പോലിസ് തുടങ്ങി. ജില്ലാ പോലിസ് മേധാവി എ ഷാഹുൽ ഹമീദ് ആദ്യ കാപ്പി അയ്യപ്പ ഭക്തന് നൽകി ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസ് ഒപ്പമുണ്ടായിരുന്നു.
ഇറക്കം തുടങ്ങുന്ന മാക്കൽ കവലയിലെ ചെക്ക് പോസ്റ്റിലാണ് കാപ്പി വിതരണം. അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ശബരിമല സീസണുകളിൽ ഈ സേവനം നൽകിയിരുന്നു. ജനകീയ പങ്കാളിത്തത്തോടെ ആണ് കാപ്പി വിതരണം. സീസണിൽ രാത്രിയിൽ എത്തുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി കോൺവേ അടിസ്ഥാനത്തിൽ ആണ് ഇറക്കത്തിൽ കടത്തി വിടുക. ഡ്രൈവർമാർ ഉറക്കത്തിൽ ആകാതിരിക്കാൻ ആണ് കാപ്പി നൽകുന്നത്.
