കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് സീറ്റ് വെൽഫെയർ പാർട്ടിക്ക് നൽകിയതായി ആരോപണം
കാഞ്ഞിരപ്പള്ളി: യുഡിഎഫ് സീറ്റ് വെൽഫെയർ പാർട്ടിക്ക് നൽകിയതായി ആരോപണം. ഗ്രാമപ്പഞ്ചായത്ത് 10-ാം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ച് വിജയിച്ച സീറ്റാണ് വെൽഫെയർ പാർട്ടിക്ക് നൽകിയതായി ആരോപണമുയർന്നത്. വനിതാ സംവരണവാർഡിൽ യുഡിഎഫ് സ്വതന്ത്രയായി കെ.എ. സുറുമിയാണ് മത്സരിക്കുന്നത്.
വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ചേർന്ന് പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകനായ നജീബ് കാഞ്ഞിരപ്പള്ളി അംഗത്വം രാജിവെച്ചു. ഭാര്യ റസീന നജീബ് സ്വതന്ത്രസ്ഥാനാർഥിയായി വാർഡിൽ മത്സരിക്കുമെന്നും നജീബ് പറഞ്ഞു.
എട്ട്, ഒൻപത് വാർഡുകളിൽ വെൽഫെയർ പാർട്ടിയുടെ വോട്ട് യുഡിഎഫിന് ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സീറ്റ് നൽകിയതെന്നാണ് ആരോപണമുയരുന്നത്.
പത്താം വാർഡിൽ യുഡിഎഫിന്റെ പിന്തുണയുള്ള പൊതു സ്വതന്ത്ര സ്ഥാനാർഥിയാണ് മത്സരിക്കുന്നത്. അതിന് വെൽഫെയർ പാർട്ടി അടക്കമുള്ളവരുടെ പിന്തുണയുണ്ട്. ഈ പിന്തുണ സ്വീകരിക്കുമെന്നും ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ അറിയിച്ചു.
