കാഞ്ഞിരപ്പള്ളിയിൽ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം; രണ്ട് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾക്ക് പരുക്ക്
കാഞ്ഞിരപ്പളളി: വിജയാഹ്ലാദ പ്രകടനത്തിനിടെ എൽ.ഡി.എഫ് – യു.ഡി.എഫ് സംഘർഷം.വിജയികളായ രണ്ട് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾക്ക് പരിക്ക്. പത്താം വാർഡിൽ നിന്നും വിജയിച്ച യു.ഡി.എഫ് സ്വതന്ത്ര സുറുമി, എട്ടാം വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസിലെ അഡ്വ.സുനിൽ തേനം മാക്കൽ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുറുമിയുടെ പിതാവ് അഷറഫ് അടക്കമുള്ള പ്രവർത്തകർക്കും പരിക്കേറ്റതായി യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
തലയ്ക്ക് സാരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ നിസു തേനംമാക്കലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിസുവിന്റെ തലയ്ക് 25 കുത്തികെട്ടുണ്ട്. വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡന്റ് യാസർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നായിഫ് ഫൈസി അടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
ശനിയാഴ്ച ഉച്ചയോടെ യു.ഡി.എഫ് -എൽ.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം കടന്നു വരുമ്പോൾ കെ.. എം. എ ജംഗ്ഷനിലായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ എൽ.ഡി.എഫ് ആക്രമം നടത്തുകയായിരുന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു.
