ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിൽ ദിലീപ് നടത്തിയ വഴിപാടിന് ഫലമുണ്ടായതോടെ ചെറുവള്ളി ക്ഷേത്രം വീണ്ടും ശ്രദ്ധാകേന്ദ്രം
പൊൻകുന്നം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതോടെ, ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ളക്ക് ഏറെ അഭിനന്ദങ്ങൾ ലഭിച്ചതിനൊപ്പം , ചെറുവള്ളി ക്ഷേത്രത്തിന്റെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലും ചർച്ചയിൽ ഇടംപിടിച്ചു .
ദിലീപ് തന്റെ കേസിലെ വിജയത്തിനായി രണ്ടുവട്ടം ദർശനം നടത്തിയതോടെയാണ് ചെറുവള്ളി ക്ഷേത്രം കോടതിവിധി വന്നതോടെ ശ്രദ്ധാകേന്ദ്രമായത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിലാണ് കേസിന്റെ വിജയത്തിനായി ദിലീപ് രണ്ടുപ്രാവശ്യം നേരിട്ടെത്തി വഴിപാട് നടത്തിയത് .
നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട് ദിലീപ് റിമാൻഡിലായപ്പോൾ 2017-ൽ അദ്ദേഹത്തിന്റെ സഹോദരനാണ് ആദ്യം ദർശനം നടത്തിയത്. പിന്നീട് 2019 മാർച്ചിൽ ദിലീപ് നേരിട്ട് എത്തി ദർശനം നടത്തി. 2022-ലും ദിലീപ് ജഡ്ജിയമ്മാവന്റെ നടയിൽ പ്രാർഥനയ്ക്കും വഴിപാടിനുമായി എത്തിയിരുന്നു. കോടതിവ്യവഹാരങ്ങളിൽ പെടുന്നവർ തങ്ങളുടെ ഭാഗത്തിന് നീതി ലഭിക്കാൻ കാലങ്ങളായി വഴിപാട് നടത്തുന്ന ക്ഷേത്രമാണ് ജഡ്ജിയമ്മാവൻ ക്ഷേത്രം. ഹർജി പകർപ്പ് നടയിൽ സമർപ്പിച്ച് അടവഴിപാട് നടത്തിയാണ് പ്രാർഥന.
ശബരിമല സ്ത്രീപ്രവേശന വിഷയം കോടതിയിലെത്തിയപ്പോൾ അനുകൂല വിധിക്കായി മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ കേസിന്റെ രേഖകൾ ക്ഷേത്രത്തിൽ സമർപ്പിച്ച് പ്രാർഥന നടത്തിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. സാധാരണക്കാർ മുതൽ സിനിമാ, സീരിയൽ രംഗത്തെ ആൾക്കാർ, രാഷ്ട്രീയരംഗത്തെ പ്രമുഖർ തുടങ്ങി ദിവസവും നിരവധി പേർ ദർശനത്തിനെത്താറുണ്ട്. ഭൂരിഭാഗം ഭക്തരും കേസിൽ നിന്നുള്ള മോചനത്തിനായാണ് പ്രാർഥനയും വഴിപാടും നടത്തുന്നത്.
ചെറുവള്ളി ദേവീക്ഷേത്രത്തിലെ പൂജകൾ കഴിഞ്ഞ് നടയടച്ചശേഷം രാത്രി എട്ടുമണിയോടെയാണ് ജഡ്ജിയമ്മാവൻ കോവിലിൽ പൂജ. ചലച്ചിത്രതാരങ്ങളായ സിദ്ധിക്, ഭാമ, തമിഴ്താരം വിശാൽ തുടങ്ങിയവരെല്ലാം ഇവിടെയെത്തിയിട്ടുണ്ട്. ക്രിക്കറ്റ് കോഴ വിവാദവും കേസും വന്നപ്പോൾ ക്രിക്കറ്റ് താരം ശ്രീശാന്തും വഴിപാട് നടത്താനെത്തി. ആർ.ബാലകൃഷ്ണപിള്ള ജഡ്ജിയമ്മാവന്റെ ഭക്തനായിരുന്നു. ജയലളിത, രാഹുൽഗാന്ധി, കെ.കരുണാകരൻ എന്നിവർക്കെല്ലാം വേണ്ടി അനുയായികൾ വഴിപാട് നടത്തിയിട്ടുണ്ട്.
ധർമരാജാവിന്റെ കാലത്ത് തിരുവിതാംകൂർ രാജ്യത്തെ സദർകോടതി ജഡ്ജിയായിരുന്ന തലവടി രാമവർമപുരം ഗോവിന്ദപ്പിളളയാണ് ജഡ്ജിയമ്മാവൻ. നീതി നടപ്പാക്കുന്നതിൽ കൃത്യത പുലർത്തിയിരുന്ന ഇദ്ദേഹം തന്റെ സഹോദരിയുടെ മകൻ പത്മനാഭപിള്ളയെ തെറ്റിദ്ധാരണയുടെ പേരിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. പിന്നീട് തനിക്ക് തെറ്റുപറ്റിയെന്നും അനന്തരവൻ നിരപരാധിയാണെന്നും അറിഞ്ഞപ്പോൾ ഗോവിന്ദപ്പിള്ള സ്വയം വധശിക്ഷ വിധിച്ച് മരണം സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ആത്മാവിനെയാണ് പിന്നീട് ചെറുവള്ളി ക്ഷേത്രത്തിൽ കുടിയിരുത്തിയത്. ചെറുവള്ളി പയ്യമ്പള്ളി കുടുംബത്തിലെ പിൻതലമുറയായിരുന്നു ഇദ്ദേഹം. കുടുംബദേവതയുടെ സന്നിധിയിലേക്ക് പ്രശ്‌നവിധിപ്രകാരമാണ് ജഡ്ജിയമ്മാവനെ പ്രതിഷ്ഠിച്ചത്.
