സ്വതന്ത്ര സ്ഥാനാർഥി ആന്റണി മാർട്ടിന് മിന്നും വിജയം ; ഭരണത്തിന് ആന്റണി മാർട്ടിന്റെ പിന്തുണ അനിവാര്യം ..
കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ആന്റണി മാർട്ടിന് 432 വോട്ടുകളുടെ മിന്നും വിജയം. കേരള കോൺഗ്രസ് – എമ്മിന്‍റെ സിറ്റിംഗ് സീറ്റായ ഏഴാം വാർഡ് പിടിച്ചെടുത്ത് സിപിഐയ്ക്ക് നൽകിയതിനെ തുടർന്നാണ് പാർട്ടിയിൽ നിന്ന് രാജി വച്ച് ആന്റണി മാർട്ടിൻ സ്വതന്ത്ര സ്ഥാനാർഥിയായി ഇവിടെ മത്സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് – എം സീറ്റിൽ നിന്ന് ആന്റണി മാർട്ടിനായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. പഞ്ചായത്ത് ഭരണസമിതിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും ആന്റണി മാർട്ടിനായിരുന്നു.
ചിറക്കടവ് പഞ്ചായത്തിലെ സംവരണ വാർഡുകൾ നിശ്ചയിച്ചതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചവരിൽ ആന്‍റണി മാർട്ടിനും ഉണ്ടായിരുന്നു. ആദ്യം വനിതാ സംവരണമായിരുന്ന വാർഡ് വീണ്ടും നറുക്കെടുപ്പ് നടന്നപ്പോൾ ജനറൽ വാർഡ് ആയി മാറുകയായിരുന്നു. ഈ വാർഡ് ആണ് സിപിഐയ്ക്ക് വിട്ടു കൊടുക്കുവാൻ സിപിഎം നിർദേശിച്ചത്.
എന്‍ഡിഎ സ്ഥാനാർഥിയായി മത്സരിച്ച റെനീഷ് ചൂണ്ടച്ചേരി 247 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 107 വോട്ടുകൾ നേടി എല്‍ഡിഎഫ് സീറ്റില്‍ മത്സരിച്ച സിപിഐയിലെ സ്ഥാനാര്‍ഥി കെ. ബാലചന്ദ്രൻ മൂന്നാം സ്ഥാനത്തും യുഡിഎഫിലെ മോഹനൻ 45 വോട്ടുകൾ നേടി നാലാം സ്ഥാനത്തും സ്വതന്ത്രനായി മത്സരിച്ച ബാബു വി ജോർജ് രണ്ട് വോട്ടുകൾ നേടി അഞ്ചാം സ്ഥാനത്തും എത്തി.
21 വാർഡുകൾ ഉള്ള ചിറക്കടവ് പഞ്ചായത്തിൽ എൽഡിഎഫിന് 10 അംഗങ്ങൾ മാത്രമാണ് ഉള്ളത്. അതിനാൽ തന്നെ ഭരണം പിടിക്കുവാൻ ആന്‍റണി മാർട്ടിന്റെ പിന്തുണ എൽഡിഎഫിന് അനിവാര്യമാണ് .
