ഓട്ടത്തിനിടയിൽ കെഎസ്ആർടിസി ബസിനു തീപിടിച്ച് പൂർണമായും കത്തി നശിച്ചു ; യാത്രക്കാർ സുരക്ഷിതർ..
മണിമല : ചെറുവള്ളി കുന്നത്തുപുഴയിലെ ആറാട്ട് കടവിന് ( മിഡാസ് ഫാക്ടറിക്ക്) സമീപം വെളുപ്പിനെ മൂന്നേമുക്കാലോടെ, യാത്രക്കിടയിൽ കെ എസ് ആർ ടി സി ബസിനു തീപിടിച്ചു കത്തി നശിച്ചു . മലപ്പുറത്ത് നിന്നും ഗവിക്ക് പോയ ഉല്ലാസയാത്ര ബസ്സിനാണ് തീ പിടിച്ചത്. ബസ് പൂർണ്ണമായും കത്തി നശിച്ചു. യാത്രക്കാർ സുരക്ഷിതരാണ്.
അപകടത്തിൽ പെടുമ്പോൾ ബസ്സിലെ ജീവനക്കാർ ഉൾപ്പെടെ 28 യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. ബസ്സിൽ നിന്നും നിന്നും പുക ഉയരുന്നത് കണ്ട, പിറകെ എത്തിയ വാഹനത്തിലുള്ളവർ അപായ സൂചന നൽകുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി , യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുയായിരുന്നു. ഷോർട് സർക്യൂട്ട് ആണ് അപകട കാരണം എന്നാണ് നിഗമനം . യാത്രക്കാർ എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങിയ ശേഷം വാഹനം പൂർണമായും തീപിടിക്കുകയായിരുന്നു .
മലപ്പുറം ഡിപ്പോയുടെ KL 15 A 208 സൂപ്പർ ഡീലക്സ് എയർ ബസ്സാണ് അപകടത്തിൽ പെട്ടത് . ചൊവ്വാഴ്ച രാത്രി 9 മണിക്ക് മലപ്പുറത്ത് നിന്നും യാത്ര തിരിച്ച ബസ്സിൽ , ബുധനാഴ്ച വെളുപ്പിന് ഓട്ടത്തിനിടയിൽ മൂന്നേമുക്കാലോടെയാണ് തീപിടുത്തം ഉണ്ടായത്.
കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി പൂർണമായും തീ അണച്ചു. അധികൃതരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. പൊൻകുന്നം ഡിപ്പോയിൽ നിന്ന് മറ്റൊരു ബസ് എത്തിച്ചു യാത്രക്കാരെ അതിൽ കയറ്റി ലക്ഷ്യ സ്ഥലത്തേക്ക് അയച്ചു .

