എരുമേലി സർക്കാർ ആശുപത്രിക്ക് എംപി ഫണ്ടിൽ നിന്നും മൊബൈൽ ഡിസ്‌പെൻസറി വാഹനം ; ഇനി വീട്ടുപടിക്കൽ സർക്കാർ ആശുപത്രിയുടെ സേവനം.
എരുമേലി : സർക്കാർ ആശുപത്രിയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ ഇനി സഞ്ചരിക്കുന്ന ഡിസ്‌പെൻസറിയുമായി പാലിയേറ്റീവ് സേവനത്തിന് വീട്ടുപടിക്കൽ എത്തുമെന്ന് ആന്റോ ആന്റണി എം പി. ശനിയാഴ്ച എരുമേലിയിൽ മൊബൈൽ ഡിസ്‌പെൻസറി വാഹനത്തിന്റെ ഉദ്ഘാടനമായി ഫ്ലാഗ് ഓഫ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്റോ ആന്റണി എംപി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 8,60,466 രൂപ ചെലവിട്ട് ആണ് പുതിയ വാഹനം ഇതിനായി വാങ്ങിയത്. സെക്കണ്ടറി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വാഹനത്തിന്റെ സേവനം ഉണ്ടാകുമെന്ന് എം പി പറഞ്ഞു.
ഉദ്ഘാടന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ അഗസ്തി അദ്ധ്യക്ഷ വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആശ ജോയി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രകാശ് പുളിക്കന്‍, വാര്‍ഡ് മെമ്പര്‍ ഷെമീനാ ലത്തീഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി രാജു, റെജി അമ്പാറ, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പ്രമോദ് ബാബു, ആശുപത്രി വികസന സമിതി അംഗം അബ്ദുള്‍ കരിം എന്നിവര്‍ പ്രസംഗിച്ചു.
