KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ 15 കോടി രൂപ ചിലവിൽ നിർമ്മിച്ച ശബരിമല ഇടത്താവളം നാടിന് സമർപ്പിക്കും ; മാർച്ച് 3 ന് മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം നിർവഹിക്കും

എരുമേലി : ശബരിമല തീർഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കാക്കി സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 15 കോടി രൂപ അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തീകരിച്ച എരുമേലി ഇടത്താവളത്തിന്റെ ഔപചാരികമായ ഉദ്ഘാടനം മാർച്ച്‌ 3 ന് രാവിലെ 10.30 ന് . അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. യോഗത്തിൽ ദേവസ്വം ബോർഡ് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സാമൂഹിക,സാമുദായിക, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.

വിപുലമായ സൗകര്യങ്ങളോടുകൂടിയുള്ള അന്നദാന പന്തൽ, കോൺഫറൻസ് ഹാളുകൾ, ഗസ്റ്റ് റൂമുകൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയവയാണ് ഇടത്താവളത്തിൽ ക്രമീകരിച്ചിട്ടുള്ളത്.

ഇതു കൂടാതെ തീർത്ഥാടകരുടെ സൗകര്യം കണക്കാക്കി എരുമേലി മാസ്റ്റർ പ്ലാൻ ഒന്നാം ഘട്ടമായി 10 കോടി രൂപയും സംസ്ഥാന സർക്കാറിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ വിപുലമായ ശുചിമറി കോംപ്ലക്‌സ്, സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, ആധുനിക സൗകര്യങ്ങളോടെ കവേർഡ് ബാത്ത് ഏരിയ, ഓവർ ഹെഡ് വാട്ടർ ടാങ്ക് മുതലായവയും നിർമ്മിക്കും. കൂടാതെ തീർത്ഥാടന കാലത്തെ ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനും, പേട്ടതുള്ളൽ പാതയിലൂടെ ഉള്ള യാത്ര സുഗമമാക്കുന്നതിനും ലക്ഷ്യം വെച്ച് എരുമേലി ടൗൺ പ്രദേശത്ത് എരുമേലി ബസ്റ്റാൻഡ് – ഉറുമ്പിൽ പാലം റോഡ്, ചെമ്പകത്തുങ്കൽ -ഓരുങ്കൽ കടവ് റോഡ്, എം.ടി.എച്ച്.എസ്- എൻ.എം.എൽ.പി.എസ്- കാരിത്തോട് റോഡ് – പട്ടാളിപ്പടി -കരിങ്കല്ലുംമൂഴി റോഡ്, എരുമേലി പോലീസ് സ്റ്റേഷൻ- ബി.എസ്.എൻ.എൽ പടി റോഡ് എന്നീ പ്രാദേശിക റോഡുകൾ പദ്ധതിയുടെ ഭാഗമായി റിംഗ് റോഡുകളായി വികസിപ്പിക്കും. അതോടൊപ്പം എരുമേലി- മുണ്ടക്കയം സ്റ്റേറ്റ് ഹൈവേയിലൂടെ തീർത്ഥാടകർ കാനനപാതയിലേക്ക് നടന്നുപോകുന്നത് ഒഴിവാക്കാൻ കൊച്ചമ്പലം മുതൽ പേരൂർതോട് വരെയുള്ള പരമ്പരാഗത പാത നവീക രിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വലിയമ്പലം കോമ്പൗണ്ടിൽ ജലസ്രോതസ്സ് ശക്തിപ്പെടുത്തുന്നതിന് ചെക്ക് ഡാം നിർമ്മിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന 75 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ടെൻഡർ നടപടികൾ സ്വീകരിച്ച് പരമാവധി വേഗത്തിൽ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയുമാണ്

error: Content is protected !!