ജെസ്നയുടെ തിരോധാനം : അടച്ച അദ്ധ്യായം വീണ്ടും തുറക്കുന്നു..തുടരന്വേഷണത്തിന് സിബിഐ എരുമേലിയിൽ ഓഫിസ് തുറന്നു.
എരുമേലി : കോളിളക്കം സൃഷ്ട്ടിച്ച ജെസ്‌ന തിരോധാനകേസിൽ വീണ്ടും ട്വിസ്റ്റ്. മുക്കൂട്ടുതറയിൽ നിന്നും 8 വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് വിദ്യാർത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ പറ്റിയുള്ള അന്വേഷണം 2024 -ൽ നിർത്തിയിരുന്നെങ്കിലും , വീണ്ടും അന്വേഷണം തുടരുവാൻ സിബിഐ . അന്വേഷണാർത്ഥം എരുമേലി ഗസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. അന്വേഷണ സംഘം ഉടൻ എത്തും . 6 മാസത്തേ ക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടർന്ന് സിബിഐയും രണ്ട് തവണയും അന്വേഷണം നടത്തിയ കേസിലാണ് ഇപ്പോൾ വീണ്ടും സിബിഐയുടെ പുനർ അന്വേഷണം. കാണാതായപ്പോൾ ജെസ്നയ്ക്ക് 20 വയസ്സായിരുന്നു പ്രായം.
2018 മാർച്ച് മാസത്തിൽ മുക്കൂട്ടുതറയിൽ നിന്നും അപ്രത്യക്ഷയായ ജെസ്‌നയെ കാണാനില്ലെന്ന പരാതിയിൽ, കേരള പോലീസ് അന്വേഷണം നടത്തിയിട്ടും , കണ്ടെത്തുവാൻ കഴിയാതിരുന്നതിനാൽ, 2021 ഫെബ്രുവരി 19 നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാൽ വർഷങ്ങളോളം കേസ് അന്വേഷിച്ചിട്ടും , തെളിവുകൾ ലഭിക്കാതിരുന്നതിനാൽ , കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു.
കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായാണ് വീണ്ടും അന്വേഷണം നടത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരം നേരത്തെ അന്വേഷണം നടത്തി സിബിഐ റിപ്പോർട്ട് സമർപ്പിച്ചതാണ്. പുതിയ തെളിവുകൾ ലഭിച്ചാൽ വീണ്ടും അന്വേഷണം നടത്താമെന്ന് കോടതിയിൽ സിബിഐ അറിയിച്ചിരുന്നു. എന്നാൽ പുതിയതായി തെളിവുകൾ ലഭിക്കാഞ്ഞതിനാൽ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതേതുടർന്ന് കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024 ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ വീണ്ടും ഒരു അന്വേഷണം കൂടി നടത്തിയ ശേഷം തെളിവുകൾ ഇല്ലങ്കിൽ റിപ്പോർട്ട് കോടതിയിൽ നൽകി കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടുന്നത് ആണ് നല്ലതെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇത് മുൻനിർത്തി ആണ് ഇപ്പോൾ വീണ്ടും അന്വേഷണം ആരംഭിക്കുന്നത് എന്നാണ് അറിയുന്നത്.
2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയായ ജസ്‌നയെ മുക്കൂട്ടുതറയിൽ നിന്നും കാണാതായത്. കാണാതായ അന്ന് പിതാവ് ജെയിംസ് ആദ്യം എരുമേലി പോലിസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചപ്പോൾ അന്വേഷണം നടത്താൻ പോലിസ് തയ്യാറായില്ല. ജെയിംസ് താമസിക്കുന്ന സ്ഥലത്തുള്ള വെച്ചൂച്ചിറയിലെ പോലിസ് സ്റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞു മടക്കി വിടുകയായിരുന്നു. പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഏതെങ്കിലും യുവാവുമായി പ്രണയത്തിലായി ഒളിച്ചോടിയതാകാമെന്നും ദിവസങ്ങൾ കഴിഞ്ഞിട്ടും വന്നില്ലെങ്കിൽ അന്വേഷണം നടത്താമെന്നും ഒഴുക്കൻ മട്ടിൽ മറുപടി നൽകി. ഒരു ആഴ്ചയ്ക്ക് ശേഷമാണ് പോലീസിൽ അന്വേഷണം ശക്തമായത്. അപ്പോഴേക്കും വ്യക്തമായ തെളിവുകൾ കണ്ടെത്താൻ തടസമായി മാറിയിരുന്നു. വീട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ മുക്കൂട്ടുതറയിലെത്തിയ ശേഷം സ്വകാര്യ ബസിൽ കയറി എരുമേലിയിൽ എത്തി മുണ്ടക്കയം റൂട്ടിൽ സഞ്ചരിച്ചതായുള്ള വിവരം മാത്രം ആണ് ഇതുവരെ നടന്ന അന്വേഷണങ്ങളിൽ ജസ്‌നയെ കാണാതായ ശേഷം ലഭിച്ചതായ സാക്ഷിമൊഴിയും തെളിവുകളുമുള്ള ഏക വിവരം. മുണ്ടക്കയം റൂട്ടിൽ നിന്നും ജെസ്‌ന എവിടേക്ക് പോയെന്നും ഇപ്പോൾ ജീവനോടെ ഉണ്ടോയെന്നും വ്യക്തതയും ഉറപ്പുമില്ലാതെ ഫോൺ കോളുകളും ശാസ്ത്രീയ നിഗമനങ്ങളും വിലയിരുത്തി ആണ് ഇതുവരെ അന്വേഷണങ്ങൾ നടന്നത്. ഒട്ടേറെ തവണ ഊഹാപോഹങ്ങളും തെറ്റായ പ്രചരണങ്ങളും കേസിൽ വലച്ചിരുന്നു. ഫോൺ, എടിഎം കാർഡ്, ആഭരണങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ ഒന്നും കൈവശം ഇല്ലാതെ വീട്ടിൽ നിന്ന് പോയതിനാൽ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ കണ്ടെത്താൻ തടസമായി മാറിയിരുന്നു.
സംഭവത്തിൽ ഒട്ടേറെ പ്രക്ഷോഭങ്ങളുണ്ടാവുകയും വനങ്ങളിലും കെട്ടിട അവശിഷ്‌ടങ്ങളിലും വരെ പോലിസ് അന്വേഷണം നടത്തുകയും ബാംഗ്ലൂർ, ചെന്നൈ ഉൾപ്പടെ ഇതര സംസ്ഥാനങ്ങളിലും അടക്കം അന്വേഷണം നീളുകയും നുണ പരിശോധന വരെ നടത്തുകയും ചെയ്തിട്ടും ജെസ്‌നയെ കണ്ടെത്താൻ സഹായിക്കുന്ന നേരിയ ഒരു തുമ്പ് പോലും ലഭിച്ചില്ല. ജെസ്‌നയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകിയാൽ പാരിതോഷികം നൽകുമെമെന് വരെ പ്രഖ്യാപിച്ചതാണ്. ഏറ്റവും ഒടുവിൽ അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അവസാനവട്ട അന്വേഷണം എന്ന നിലയിൽ ആറ് മാസത്തേക്ക് വീണ്ടും അന്വേഷണം തുടരാൻ വേണ്ടി ഇന്ന് മുതൽ എരുമേലിയിൽ ഓഫിസ് തുറന്ന് പ്രവർത്തനം ആരംഭിക്കുന്നത്.
