കൊലക്കേസ് പ്രതികളെ പിടികൂടാൻ സഹായിച്ച മുണ്ടക്കയം മുരിക്കുംവയലിലെ നാട്ടുകാർക്ക് പോലിസിന്റെ സല്യൂട്ട് .. നന്ദി പറഞ്ഞ് ഡിവൈഎസ്‌പി; കയ്യടിയോടെ പൊലീസിന് ജയ് വിളിച്ചു നാട്ടുകാർ.
മുണ്ടക്കയം : കേരളമാകെ തിരഞ്ഞുകൊണ്ടിരുന്ന പ്രമാദമായ കൊലക്കേസ് പ്രതികളെ, ധൈര്യസമേതം അതീവ സാഹസികമായി കീഴടക്കി പൊലീസിന് കൈമാറിയ മുണ്ടക്കയം മുരിക്കുംവയലിലെ നാട്ടുകാരുടെ ധൈര്യത്തിന് കേരളമാകെ അഭിനന്ദന പ്രവാഹം. അകമഴിഞ്ഞ നന്ദി പറഞ്ഞു പോലീസ് ഡിവൈഎസ്‌പി.
” നിങ്ങൾ നാട്ടുകാരുടെ സഹകരണം കൊണ്ടാണ് പ്രതികളെ പിടികൂടാൻ സാധിച്ചത് എല്ലാവർക്കും കേരള പൊലീസിന്റെ നന്ദി” അർദ്ധരാത്രിയിൽ മുണ്ടക്കയം മുരിക്കുംവയൽ കവലയിൽ നിന്ന് ഡിവൈഎസ്‌പി വിശാൽ ജോൺസൺ ഉറക്കെ പറഞ്ഞതോടെ ചുറ്റും കൂടി നിന്ന് ജനങ്ങൾ ആരവത്തോടെ പൊലീസിന് ജയ് വിളിച്ചു.
കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അഖിലിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാൻ എത്തിയ നാലു പ്രതികളെയാണ് സിനിമാ സ്റ്റൈലിൽ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. കൊല്ലത്തു നിന്നും കൃത്യം നടത്തിയശേഷം നാലംഗസംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു. പല വഴികൾ ചുറ്റി രാത്രി എട്ടുമണിയോടെയാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അപ്പോൾ മുതൽ കോട്ടയം പൊലീസിന്റെ കണ്ണും ഇവർക്ക് പിന്നാലെ ഉണ്ടായിരുന്നു. മണിമല വഴി കറുകച്ചാൽ എത്തി പൊലീസിനെ വെട്ടി ചുറ്റിതിരിഞ്ഞായിരുന്നു ഇവരുടെ യാത്ര.
എന്നാൽ കോട്ടയം ജില്ലയിൽ പ്രതികൾ കയറിയെന്നറിഞ്ഞപ്പോൾ തന്നെ പോലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും സേനയെ വിന്യസിപ്പിച്ചു പഴുതകൾ അടച്ചു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ കവലയുടെ സമീപം പ്രതികൾ സഞ്ചരിച്ച കാറിന് പൊലീസ് കൈകാണിച്ചു എങ്കിലും വാഹനം നിർത്താതെ പോയി. തുടർന്ന് മുണ്ടക്കയം ബൈപാസ് റോഡിൽ പോലീസ് ഇവർക്ക് കെണിവെച്ചെങ്കിലും ഇവർ അവിടെ നിന്നും രക്ഷപ്പെട്ടു. ടൗണിന് ഒരു കിലോമീറ്റർ അകലെ പുത്തൻചന്തിയിൽ പിക്കപ്പ് ലോറി വിലങ്ങി വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇവിടെ നിന്നാണ് ഇവർ എരുമേലി റൂട്ടിലേക്ക് പോയത്. മുണ്ടക്കയത്ത് നിന്നും നാല് കിലോമീറ്റർ അകലെ അമരാവതി കവലയിൽ എത്തി പൊലീസിനെ വെട്ടിക്കുവാൻ ഇടത്തേക്കുള്ള പുഞ്ചവയൽ റോഡിലൂടെ കയറി.
ഇതിനോടകം തന്നെ പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ അടക്കമുള്ള കാര്യങ്ങൾ പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു . അതോടെ പ്രദേശവാസികൾ ജാഗ്രതയിൽ ആയിരുന്നു . പുഞ്ചവയൽ ഭാഗത്തേക്ക് പോകുന്നതറിഞ്ഞ് പോലീസ് സമീപമുള്ള എല്ലാ വഴികളിലും തടസ്സങ്ങൾ സൃഷ്ടിച്ചു. തമിഴ്‌നാട് റോഡിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയായിരിക്കാം പ്രതികൾ സഞ്ചരിച്ചിരുന്നതെന്നും സൂചനയുണ്ട്. അമരാവതി പുഞ്ചവയൽ റൂട്ടിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മുരിക്കുമ്പുഴ സ്‌കൂൾ ഭാഗത്തേക്കുള്ള ചെറിയ റോഡിൽ വാഹനവുമായി ഇവർ എത്തി. പരിചയമില്ലാത്ത റോഡിൽ ഇവർ കുടുങ്ങി . സംശയാസ്പദമായ രീതിയിൽ കാർ വരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി ഇവരെ തടഞ്ഞു വെക്കുകയും ആയിരുന്നു. ഉടൻതന്നെ പോലീസ് എത്തുകയും നാലു പ്രതികളെയും സംഭവസ്‌ഥലത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെ കീഴടക്കി പ്രധാന റോഡിലേക്ക് കയറ്റി കൊണ്ടുവരികയും ചെയ്തു.
പ്രതികളെ പിടികൂടിയ സ്‌ഥലത്തുനിന്നും മുരിക്കുംവയൽ വണ്ടൻ പതാൽ വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ ദേശീയപാതയിൽ ഇടുക്കി ജില്ലയിലേക്ക് കയറുവാൻ സാധിക്കും. അങ്ങനെയെങ്കിൽ ഇവർക്ക് പോലീസിനെ വിട്ടിച്ച് തമിഴ്നാട്ടിലേക്ക് കടക്കാനും എളുപ്പമായിരുന്നു. ഈ നീക്കങ്ങളാണ് രാത്രി പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തകർത്തത്.
കേരളമാകെ തിരഞ്ഞുകൊണ്ടിരുന്ന പ്രമാദമായ കൊലക്കേസ് പ്രതികളെ, ധൈര്യസമേതം അതീവ സാഹസികമായി കീഴടക്കി പൊലീസിന് കൈമാറിയ മുണ്ടക്കയം മുരിക്കുംവയലിലെ നാട്ടുകാരുടെ ധൈര്യത്തിന് ഡിവൈഎസ്‌പി നേരിട്ട് നന്ദി പറഞ്ഞു.
