KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സൗഹൃദത്തിന്റെ മധുരസ്മരണകളുമായി ‘സ്മൃതിസംഗമം 2026’; എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ മുൻ ജീവനക്കാർ ഒത്തുചേർന്നു.

എരുമേലി : ദശകങ്ങളോളം വിദ്യാലയത്തിന്റെ വളർച്ചയിൽ തണലായി നിന്ന പഴയകാല സഹപ്രവർത്തകർ വീണ്ടും ഒത്തുചേർന്നപ്പോൾ ‘സ്മൃതിസംഗമം 2026’ വികാരനിർഭരമായ ചടങ്ങായി മാറി. എരുമേലി സെന്റ് തോമസ് ഹൈസ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കൂട്ടായ്മ ചൊവ്വാഴ്ച എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിലാണ് സംഘടിപ്പിച്ചത്.
ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളിൽ നിന്നും വിരമിച്ച് വിവിധയിടങ്ങളിലേക്ക് വേർപിരിഞ്ഞുപോയ 98-ഓളം മുൻ ജീവനക്കാർ സംഗമത്തിൽ പങ്കെടുത്തു. വർഷങ്ങൾക്കുശേഷം പഴയ സഹപ്രവർത്തകരെ നേരിൽ കാണാനും സൗഹൃദം പുതുക്കാനുമുള്ള അവസരം എല്ലാവർക്കും ഹൃദ്യമായ അനുഭവമായി.

രാവിലെ 9.30-ന് ആരംഭിച്ച പരിപാടിയിൽ പഴയകാല ഔദ്യോഗിക ജീവിതത്തിലെ മധുരസ്മരണകൾ പങ്കുവെച്ചും വിശേഷങ്ങൾ കൈമാറിയും വിരമിച്ച ജീവനക്കാർ സമയം ചിലവഴിച്ചു. വിദ്യാലയത്തിന്റെ വികസനത്തിനായി ഒരേ മനസ്സോടെ പ്രവർത്തിച്ച പഴയകാലത്തെ ഓർമ്മകൾ ഓരോരുത്തരും ചടങ്ങിൽ അനുസ്മരിച്ചു. ഉച്ചയ്ക്ക് 1.30-ഓടെ സ്നേഹവിരുന്നോടു കൂടിയാണ് സംഗമം അവസാനിച്ചത്.

മുൻ സഹപ്രവർത്തകർക്കിടയിലെ ആത്മബന്ധം ഊട്ടിയുറപ്പിക്കാനും വരും വർഷങ്ങളിലും ഇത്തരം ഒത്തുചേരലുകൾ തുടരാനും തീരുമാനിച്ചുകൊണ്ടാണ് സ്മൃതിസംഗമം 2026 പിരിഞ്ഞത്.

error: Content is protected !!