KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വർഗ്ഗകവാടങ്ങൾ തുറന്ന് അനുഗ്രഹ പൂമഴ പെയ്തിറങ്ങി .. റോയി അച്ചൻ ശ്രീക്കുട്ടിയുടെ അച്ഛനായി കന്യാദാനം നിർവഹിച്ചു.

കാഞ്ഞിരപ്പള്ളി : മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും മനോഹരമായ ഒരു കാഴ്ചയ്ക്ക് മുണ്ടക്കയം സാക്ഷ്യം വഹിച്ചു . ഹൈന്ദവ ആചാര പ്രകാരം നടന്ന ശ്രീക്കുട്ടി എന്ന പാർവതിയുടെ വിവാഹ ചടങ്ങിൽ, പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് വധുവിന്റെ വലത് കൈ പിടിച്ചു വരന്റെ കൈയ്യിൽ ഏൽപ്പിച്ച് കന്യാ ദാനം നിർവഹിച്ചത് ഒരു ക്രൈസ്തവ പുരോഹിതൻ.. അത് മാറ്റാരുമല്ല കാഞ്ഞിരപ്പള്ളിക്കാരുടെ പ്രിയപ്പെട്ട റോയി അച്ചൻ എന്ന ഫാ. റോയി മാത്യു വടക്കേൽ.

മുണ്ടക്കയം വണ്ടൻപതാൽ സെന്റ് പോൾസ് പള്ളി പാരിഷ് ഹാളിലായിരുന്നു ലോകത്തിനാകെ മാതൃകയായ ഈ വിവാഹ ചടങ്ങുകൾ നടന്നത്.
റോയി അച്ചന്റെ നേതൃത്വത്തിൽ നടത്തുന്ന, കാഞ്ഞിരപ്പള്ളി രൂപതയുടെ കാരുണ്യ ഭവനങ്ങളിൽ ഒന്നായ വണ്ടൻപതാൽ ബത്‌ലഹേം ആശ്രമത്തിൽ വെറും ഒരു വയസ്സുള്ളപ്പോഴാണ് പാർവതി എന്ന കൊച്ചുകുഞ്ഞു എത്തുന്നത്. അന്ന് മുതൽ ആ പെൺകുട്ടിക്ക് താങ്ങും തണലായി നിന്നത് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം കൂടിയായ ഫാദർ റോയി മാത്യുവാണ്. സ്നേഹത്തോടെ ‘ശ്രീക്കുട്ടി’ എന്ന് അദ്ദേഹം വിളിച്ചിരുന്ന ആ പെൺകുട്ടി വളർന്ന് വിവാഹപ്രായമെത്തിയപ്പോൾ, അനുയോജ്യനായ വരനെ കണ്ടെത്തിയതും അദ്ദേഹം തന്നെയായിരുന്നു.

കട്ടപ്പന സ്വദേശിയായ അനന്തുവാണ് പാർവതിക്ക് താലി ചാർത്തിയത്. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹചടങ്ങിൽ ഹൈന്ദവ പുരോഹിതൻ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങിലെ ഏറ്റവും പ്രാധാന്യം ഉള്ള കന്യാദാനം (വധുവിന്റെ കൈപിടിച്ച് വരനെ ഏൽപ്പിക്കൽ) നിർവഹിച്ചത് , പാർവതിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്നുകൊണ്ട് വൈദിക വേഷത്തിൽ തന്നെ വേദിയിലെത്തിയ ഫാദർ റോയി മാത്യുവാണ്. പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്‌തി നൽകിയ നിമിഷം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

error: Content is protected !!