സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 17-)മത് വീടിന്റെ താക്കോൽദാന കർമ്മം 30 ന്
.
കാഞ്ഞിരപ്പള്ളി : മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സേവന -സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിർധന കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകിവരുന്ന ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള 17-)മത് വീടിന്റെ താക്കോൽദാന കർമ്മം മെയ് 30 ന് രാവിലെ 11 നു പൂഞ്ഞാർ വി.എസ് അച്യുതാനന്ദൻ റോഡ് ഭാഗത്ത്, നിർമ്മിച്ച വീടിന്റെ ഭവനാങ്കണത്തിൽ വച്ച് നടക്കും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ അധ്യക്ഷയാകുo .മുൻ നിയമ സഭ അംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ താക്കോൽദാന കർമ്മം നിർവഹിക്കും. സർവീസ് ആർമിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ പ്രളയ ദുരിതബാധിതർക്ക് സ്ഥലം ലഭ്യമാക്കി നിർമ്മിച്ചു നൽകിയ 11 വീടുകൾ ഉൾപ്പെടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 16 വീടുകൾ ഇതിനോടകം നിർമ്മിച്ചു നൽകി കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്, അനുബന്ധമായി തൊഴിൽ ലഭ്യതയ്ക്കായി പൂഞ്ഞാർ ജോബ്സ് എന്ന ഓൺലൈൻ ജോബ് പോർട്ടൽ, നിർധനരായ കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ചികിത്സാസഹായം നൽകുന്ന കാരുണ്യ സ്പർശം പദ്ധതി, കാർഷിക മേഖലയിലെ ഫലസമൃദ്ധി പദ്ധതി, മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈത്താങ്ങ് പദ്ധതി തുടങ്ങിയ സേവന പദ്ധതികളും സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.
സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും നടപ്പിലാക്കുമെന്ന്
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
