പുല്ലുപാറയ്ക്ക് സമീപം ദേശീയപാതയിലേക്ക് വീണ്ടും മലമുകളിൽനിന്ന് ഭീമൻ കല്ല് വീണു, ഒഴിവായത് വൻ അപകടം.
പെരുവന്താനം: ദേശീയപാത 183ൽ പുല്ലുപാറയ്ക്ക് സമീപം വീണ്ടും റോഡിലേക്ക് ഭീമൻ കല്ല് വീണു, ഒഴിവായത് വൻ അപകടം.
ഇന്നലെ രാത്രി എട്ടോടെയാണ് മലമുകളിൽനിന്ന് ഭീമൻ കല്ല് റോഡിലേക്ക് പതിച്ചത്. കല്ല് വീഴുന്ന സമയത്ത് റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. രണ്ടാഴ്ച മുൻപും ഇതേ മേഖലയിൽവച്ച് കെഎസ്ആർടിസി ബസിന് മുകളിലേക്ക് കല്ല് വീണിരുന്നു. അന്ന് യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഈ അപകടം നടന്ന് ദിവസങ്ങൾക്കകം വീണ്ടും സമാനമായ രീതിയിൽ വലിയ കല്ല് റോഡിലേക്ക് പതിച്ചത് ഈ പാതിയിലൂടെയുള്ള യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കാലവർഷം ശക്തമാകുന്നതോടെ ഇനിയും മേഖലയിൽ അപകടങ്ങൾ വർധിക്കാനുള്ള സാധ്യത ഏറെയാണ്. അടിയന്തരമായി യാത്രക്കാരുടെ ജീവന് സുരക്ഷയേകാൻ ദേശീയപാത വിഭാഗം അധികാരികൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
