KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.പി.എം. നയങ്ങളും നേതാക്കളുടെ പെരുമാറ്റവും വിനയായെന്ന് കേരള കോൺഗ്രസ് എം.

സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയെന്നും വിലയിരുത്തൽ

പുനഃസംഘടനയ്ക്കും തീരുമാനം

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്, സ്വന്തം അനുഭാവികളുടെ അകന്നുപോക്കിനൊപ്പം സി.പി.എം. നയങ്ങളും നേതാക്കളുടെ പെരുമാറ്റവും കാരണമായെന്ന് കേരള കോൺഗ്രസ് എം വിലയിരുത്തൽ. കഴി ഞ്ഞദിവസം ചേർന്ന ഹൈപവർ കമ്മിറ്റിയോഗം പാർട്ടി പുനഃസംഘടനയ്ക്കും തീരുമാനമെടുത്തു.

ജനങ്ങളോടുള്ള പെരുമാറ്റത്തിൽ കെ.എം.മാണിയെപ്പോലുള്ള നേതാക്കൾ എന്നും മാതൃകയായിരുന്നു. എന്നാൽ, കഴിഞ്ഞ ഭരണകാലത്ത് ചില സി.പി. എം. നേതാക്കൾ ധാർഷ്ട്യത്തോടെ പെരുമാറി. മുൻ മുഖ്യമന്ത്രിപോലും നിലവിട്ട് സംസാരിച്ചു. മലയോരത്തെ വന്യജീവിശല്യം, ബഫർസോൺ പോലുള്ള വിഷയങ്ങളിലും ജനങ്ങൾക്ക് വലിയ രോഷമുണ്ടായി. ഇതൊക്കെ പരിഹരിക്കണം. പാർട്ടിയിൽനിന്ന് അകന്നുപോയ ഒരു വിഭാഗം അണികളെയും അനുഭാവികളെയും തിരികെ എത്തിക്കാൻ വീടുകയറ്റമടക്കമുള്ളവ ആസൂത്രണം ചെയ്യും. സംഘടനയുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോയതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.

കെ.എം. മാണിയുടെ കാലത്തും പിന്നീട് ജോസ് കെ.മാണിയൊപ്പവും ഉറച്ചുനിന്ന മലയോരകർഷകരും വിവിധ ക്രിസ്ത്യൻ സഭകളും രണ്ടുവർഷത്തിനിടെ പാർട്ടിയിൽനിന്ന് അകന്നു. അവർ യു.ഡി.എഫ്. അനുകൂല സമീപനമാണ് സ്വീകരിച്ചത്. ഇത് കേരള കോൺഗ്ര സ് എമ്മിന്റെ മാത്രം കുഴപ്പം കൊണ്ടല്ല. സി.പി.എമ്മിന്റെ പല നയങ്ങളും നേതാ ക്കളുടെ പെരുമാറ്റവും മാണി ഗ്രൂപ്പിൻ്റെ അനുഭാവികളിലും അവമതിപ്പുണ്ടാക്കി. കുറവുകൾ പരിഹരിക്കാൻ പാർട്ടി താഴേ ത്തട്ടിലേക്ക് ഇറങ്ങും. കൃഷിക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രയാസങ്ങളിൽ അനുഭാവത്തോടെ കൂടുതൽ ഇടപെടും. അടുത്തുതന്നെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തും. വിശദ ചർച്ചയ്ക്കായി ക്യാമ്പുമുണ്ടാകും. താഴേത്തട്ടിൽ അംഗത്വം ചേർക്കൽ അണികളുമായി ഇടപെടാനുള്ള അവസരമാക്കി മാറ്റും. യു.ഡി. എഫിനൊപ്പം പോയാൽ മതിയായിരുന്നു എന്ന അഭിപ്രായമുള്ള അണികളെ കേൾക്കും. ഇതേ മുന്നണിയുടെ ഭാഗമായി 2020-ലെ തദ്ദേശതിരഞ്ഞെടുപ്പും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പും ജയിച്ചതും ചൂണ്ടിക്കാട്ടും. ഈ തിരഞ്ഞെടുപ്പിൽ സി.പി.എം. അണികളുടെ ക്രോസ് വോട്ടിങ് (മുന്നണിമാറി വോട്ടിങ്) ഉണ്ടായെന്ന സ്റ്റിയറിങ് കമ്മിറ്റിയുടെ വിലയിരുത്തൽ അംഗീകരിച്ചു. പല ജില്ലാ കമ്മിറ്റികളും ദുർബലമായതായും വില യിരുത്തി. പ്രത്യേകിച്ച് വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ കമ്മിറ്റികളിൽ സമൂലമാറ്റം വന്നേക്കും. നിഷ്ക്രിയരായ ചുമതലക്കാരെ മാറ്റും.

രാഷ്ട്രീയകാര്യ സമിതി വരും

.

നിർണായക തീരുമാനങ്ങൾ എടുക്കുന്ന പാർലമെൻ്ററി പാർട്ടി ഇല്ലാതായ അവസ്ഥയുണ്ട്. നിയമസഭാംഗങ്ങൾ ഇല്ലാതെ വന്നതോടെയാണിത്. ഈ അഭാവം പരിഹരിക്കാൻ രാഷ്ട്രീയകാര്യ സമിതി രൂപവത്കരിക്കും. സ്റ്റിയറിങ് കമ്മിറ്റി, ഹൈപവർ കമ്മിറ്റി എന്നിവ പ്രധാന നയരൂപവത്കരണ സമിതികളായി തുടരും. പാർട്ടിയുടെ എം.പി.മാരും എം.എൽ.എ.മാരും ചേർന്നതായിരുന്നു പാർലമെന്ററി പാർട്ടി. നിലവിൽ ജോസ് കെ.മാണി മാത്രമാണ് പാർട്ടിയുടെ ജനപ്രതിനിധി. മുൻ എം.എൽ.എ. മാരെയും മുൻ എം.പി.മാരെയും ചേർത്താകും പുതിയ സമിതി.

error: Content is protected !!