പനമറ്റം സ്‌കൂൾ വളപ്പിൽ തെരുവുനായകളുടെ ശല്യം അതിരൂക്ഷം..
പനമറ്റം: പനമറ്റം ഗവ.എച്ച്.എസ്.എസ്.കെട്ടിടത്തിലും മൈതാനത്തും സമീപ റോഡുകളിലും തെരുവുനായകളുടെ ശല്യമേറി. തെരുവുനായശല്യത്തിന് പരിഹാരം കാണണമെന്ന് എലിക്കുളം പഞ്ചായത്ത് അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയായില്ല.
രണ്ടുവർഷം മുൻപ് കുട്ടികളുൾപ്പെടെ പത്തോളം പേർക്ക് നായകളുടെ കടിയേറ്റിരുന്നു. അന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏതാനും നായകളെ പിടികൂടി പാലായിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അതിനുശേഷം തെരുവുനായകളുടെ നിയന്ത്രണത്തിന് യാതൊരു നടപടിയും സ്വീകരിച്ചില്ല. സ്‌കൂൾ മൈതാനത്ത് ഏതുസമയവും ഇവയുടെ ശല്യമാണ്. പുലർച്ചെ നടക്കാനിറങ്ങുന്നവർക്കും ക്ഷേത്രത്തിൽ പോകുന്നവർക്കും നായകൾ ഭീഷണിയാണ്. ഇരുചക്രവാഹനങ്ങളുടെ പിന്നാലെ ഇവ കുരച്ചുകൊണ്ട് ചാടുന്നതും പതിവാണ്.

പനമറ്റം ഗവ.സ്‌കൂൾ കെട്ടിടത്തിൽ തമ്പടിച്ചിരിക്കുന്ന നായകൾ.
