കൈതക്കൃഷിയുടെ മറവിൽ എരുമേലിയിൽ അനധികൃത പാറ ഖനനമെന്ന് പരാതി.
എരുമേലി . കൈതക്കൃഷിയുടെ മറവിൽ എസ്‌റ്റേറ്റ് പ്രദേശത്ത് അനധികൃത പാറ ഖനനം നടത്തുന്നതായി പരാതി. എരുമേലി – മുണ്ടക്കയം റോഡിലെ എസ്‌റ്റേറ്റിലാണ് അനധികൃതമായി പാറ പൊട്ടിച്ച് വിൽപന നടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നത്. രാത്രി കാലങ്ങളിൽ പാറപൊട്ടിച്ച് പുലർച്ചെ കടത്തിക്കൊണ്ടുപോകുകയാണ്. മലയുടെ അടിവാരമായതിനാൽ, രാത്രി പാറപൊട്ടിക്കുന്നതിന്റെ ശബ്ദം ഉയർന്ന പ്രദേശങ്ങളായ നേർച്ചപ്പാറ, പ്രപ്പോസ് ഭാഗങ്ങളിൽ കേൾക്കമെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഭവം അന്വേഷിക്കണമെന്ന് ജനപ്രതിനിധികളോടും പഞ്ചായത്തിലും അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. അനധികൃത ഖനനത്തിന് എതിരെ നാട്ടുകാർ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് പരാതി നൽകി. മൂന്ന് മാസമായി ഇത്തരത്തിൽ പാറ ഖനനം ചെയ്ത് വിൽപന നടത്തിയിട്ടും പൊലിസ്, പഞ്ചായത്ത്, റവന്യു അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
