നിയമവിധേയമാക്കാൻ നൽകിയ നിർദേശം ലോഡ്ജ് ഉടമ പാലിച്ചില്ലെന്ന് ചിറക്കടവ് പഞ്ചായത്ത് ഭരണസമിതി
പൊൻകുന്നം: പഞ്ചായത്തിന്റെ സാങ്കേതികവിഭാഗം നൽകിയ നിർദേശങ്ങൾ നടപ്പാക്കിയാൽ ലോഡ്ജ് കെട്ടിടത്തിന് നമ്പർ നൽകുമെന്ന് ചിറക്കടവ് പഞ്ചായത്ത് ഭരണസമിതി. പ്രവാസി സംരംഭകന്റെ ലോഡ്ജ് കെട്ടിടത്തിന് നമ്പർ നൽകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി.അംഗങ്ങൾ കമ്മിറ്റി ബഹിഷ്‌ക്കരിച്ചതിനെ തുടർന്നാണ് ഭരണസമിതിയുടെ വിശദീകരണം.
അട്ടിക്കൽ സ്വദേശിയായ നിർമല സലി പി.പി.റോഡരികിൽ നിർമിച്ച കെട്ടിടത്തിന് നമ്പർ കൊടുക്കണമെന്നാണ് കെട്ടിട ഉടമയും ബി.ജെ.പി.യും ആവശ്യമുന്നയിക്കുന്നത്. 2022-ൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടെന്നാണ് വാദം. എന്നാൽ നമ്പർ കൊടുക്കാൻ കോടതി ഉത്തരവിൽ പറഞ്ഞിട്ടില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ പഞ്ചായത്ത് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിട്ടുമുണ്ട്.
പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷം കെട്ടിട ഉടമ കത്ത് നൽകി. സാങ്കേതികവിഭാഗം നൽകുന്ന നിർദേശങ്ങൾ പാലിച്ച് നിയമവിധേയമാക്കിയാൽ നമ്പർ നൽകാമെന്ന് ഉടമയെ അറിയിച്ചു. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് നമ്പർ തരപ്പെടുത്താൻ ഉടമ ശ്രമിച്ചു. സെക്രട്ടറിയും അസി.എൻജിനീയർ ഉൾപ്പെടെ സാങ്കേതിക വിഭാഗവും പരിശോധന നടത്തിയപ്പോൾ പരിഹാരനിർദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ല എന്ന് ബോധ്യപ്പെട്ടു. അതിനാൽ നമ്പർ കൊടുക്കാൻ കഴിയില്ലെന്നും അറിയിച്ചു.
പരാതി നൽകിയ വ്യക്തിയുടെ മറ്റ് കെട്ടിടങ്ങളും ഫ്‌ളാറ്റുകളും എല്ലാം നിയമവിധേയമായതിനാൽ നമ്പർ നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ പറഞ്ഞു. ചട്ടങ്ങൾ പാലിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി അപേക്ഷ നൽകിയാൽ ലോഡ്ജ് കെട്ടിടത്തിന് നമ്പർ നൽകുന്നതിന് തടസ്സമില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
