ഇൻഫാം കർഷകദിനാചരണം സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി : ഇൻഫാം കർഷകദിനാചരണത്തിന്റെയും കിസാൻ ജെംസ് എക്‌സലൻസ് അവാർഡ് വിതരണത്തിന്റെയും ഭാഗമായി ഇൻഫാം സംഘടിപ്പിച്ച “കാർഷിക രാവ്’ പരിപാടി – സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു . പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത് . കൃഷിഭവനുകൾ കേന്ദ്രീകരിച്ച് മണ്ണുപരിശോധനാ ലാബുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നു കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്‌ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. താലൂക്കുകൾ തോറും മണ്ണുപരിശോധന വേണം എന്ന ഇൻഫാമിന്റെ ആവശ്യത്തിനു മറുപടിയായിട്ടാണു മന്ത്രി പ്രഖ്യാപനം നടത്തിയത്.
സംഘടനാംഗങ്ങളായ കര്‍ഷകരുടെ മക്കളില്‍ പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ കുട്ടികളെയാണ് ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂര്‍ കാര്‍ഷികജില്ലകളില്‍ നിന്നുള്ള 238 വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ കോയിനും ഫലകവും മറ്റു സമ്മാനങ്ങളും നല്‍കി. കുട്ടികള്‍ക്കൊപ്പം അവരുടെ മാതാപിതാക്കളെയും ആദരിച്ചത് ശ്രദ്ധേയമായി.
ഇൻഫാം കാർഷിക ജില്ലാ സഹ രക്ഷാധികാരി ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, ഡെയ്‌സി സാബു വേങ്ങവേലിൽ, ആൻസമ്മ സാജു കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
