അമൽ ജ്യോതി കോളേജ് ഓഫ് എൻഞ്ചിനിയറിങ്ങിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭ്യമുഖ്യത്തിൽ കാൻസർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി : കാൻസർ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ അവബോധം വളർത്തുന്നതിനും രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയുടെ പ്രാധാന്യം വിദ്യാർഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിനുമായി അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിൽ കാൻസർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഹൗസ് സർജനും മെഡിക്കോൺ സംസ്ഥാന സെക്രട്ടറിയും ശ്രദ്ധ കാൻസർ ബോധവത്കരണ പ്രചാരണത്തിന്റെ സംസ്ഥാന കോർഡിനേറ്ററുമായ ഡോ. മുഹമ്മദ് യൂസഫ് ബോധവത്കരണ ക്ലാസ് നയിച്ചു.
കാൻസറിന്റെ വിവിധ കാരണങ്ങൾ, രോഗസാധ്യത വർധിപ്പിക്കുന്ന ജീവിതശൈലി ഘടകങ്ങൾ, പ്രാരംഭ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, പരിശോധനകളുടെ പ്രാധാന്യം, നേരത്തെയുള്ള രോഗനിർണയത്തിലൂടെ ചികിത്സാ ഫലം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ എന്നിവ അദ്ദേഹം വിശദമായി അവതരിപ്പിച്ചു. കാൻസർ രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയവും സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളും ഒഴിവാക്കി ശാസ്ത്രീയമായ ആരോഗ്യബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും ഡോ. മുഹമ്മദ് യൂസഫ് ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ ഭക്ഷണശീലം, കൃത്യമായ വ്യായാമം, പുകയിലയും മറ്റ് ദോഷകരമായ ശീലങ്ങളും ഒഴിവാക്കൽ, ആരോഗ്യപരിശോധനകൾ എന്നിവ രോഗപ്രതിരോധത്തിൽ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികൾ ഉന്നയിച്ച വിവിധ സംശയങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടികളും നൽകി.സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ഐകാൻ ഫൗണ്ടേഷന്റെ മാനവിക മികവിനുള്ള പുരസ്കാരം ലഭിച്ചിട്ടുള്ള ഡോ. മുഹമ്മദ് യൂസഫിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി വിദ്യാർഥികളിൽ ആരോഗ്യപരമായ ഉത്തരവാദിത്വബോധം വളർത്തുന്നതിന് സഹായകമായി.
കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സണ്ണിച്ചൻ വി. ജോർജും ഡോ. ശ്യാംകുമാർ കെ.യും ആശംസകൾ നേർന്നു.
യുവതലമുറയിൽ ആരോഗ്യബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിനൊപ്പം കാൻസർ പ്രതിരോധ സന്ദേശം സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രോഗത്തെ ഭയപ്പെടുന്നതിനേക്കാൾ രോഗത്തെക്കുറിച്ച് അറിയുകയും സമയബന്ധിതമായി പ്രതിരോധ നടപടികളും പരിശോധനകളും സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ സന്ദേശം ഈ പരിപാടിയിലൂടെ വിദ്യാർഥികൾക്ക് ലഭിച്ചു . എൻ എസ് എസ് വോളന്റിയർമാർ നേതൃത്വം നൽകി.
