അകക്കണ്ണിന്റെ വെളിച്ചവുമായി ആര്യയും ജ്യോൽസ്നയും കേരള ക്രിക്കറ്റ് ടീമിൽ.
കാളകെട്ടി: അന്ധതയുടെ പരിമിതികളെ അകക്കണ്ണിന്റെ വെളിച്ചത്തിൽ അതിജീവിച്ച്, കേരളത്തിനായി ക്രിക്കറ്റ് കളിക്കാൻ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ആര്യപ്രകാശും ജ്യോൽസ്നയും നാളെ യാത്ര തിരിക്കും. ദേശീയ ബ്ലൈൻഡ് ക്രിക്കറ്റ് മത്സരത്തിലേക്ക് കേരള ടീമിൽ ഇടം നേടിയതിന്റെ ആവേശത്തിലാണ് ഇരുവരും. സഹപാഠികളും അധ്യാപകരും സ്കൂൾ അധികൃതരും ഈ നേട്ടത്തിന്റെ അഭിമാനത്തിലാണ്.
പത്താം ക്ലാസ് വിദ്യാർഥിനിയായ ആര്യപ്രകാശ് അടൂർ പ്രകാശ് ഭവനത്തിലെ മെക്കാനിക്കായ പ്രകാശിന്റെയും മായയുടെയും മകളാണ്. കാളകെട്ടി അസീസി അന്ധ വിദ്യാലയത്തിൽ താമസിച്ച് അച്ചാമ്മ മെമ്മോറിയൽ സ്കൂളിൽ എസ്.എസ്.എൽ.സി. പഠനം നടത്തുന്നതിനിടെയാണ് ആര്യ ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിച്ചത്. കഠിന പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തോടെയുള്ള പരിശ്രമത്തിലൂടെയുമാണ് ആര്യ കേരള ടീമിൽ ഇടം നേടിയത്.
കപ്പാട് സ്വദേശിനിയായ ജ്യോൽസ്ന കെ. ജെ. കപ്പിത്താൻപറമ്പിൽ ജോസഫിന്റെയും ലൈലാമ്മയുടെയും മകളാണ്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ ജ്യോൽസ്ന മികച്ച ഗായികയും കീബോർഡ് വാദകയുമാണ്. കായികരംഗത്തും കലാരംഗത്തും ഒരുപോലെ മികവ് തെളിയിക്കുന്ന ജ്യോൽസ്ന, അടുത്ത മാസം ബെംഗളൂരുവിൽ നടക്കുന്ന വിഷൻ എംപവർമെന്റ് പ്രോഗ്രാമിൽ ഗണിത വിഭാഗത്തിൽ പരീക്ഷണം അവതരിപ്പിക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കാളകെട്ടി അസീസി അന്ധ വിദ്യാലയത്തിലെ കായികാധ്യാപകനായ ജ്യുവൽ പി. ജോണി നൽകിയ പരിശീലനത്തിലൂടെയാണ് ഇരുവരും ക്രിക്കറ്റിലെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തി കേരള ടീമിലെത്തിയത്.
