ശ്രദ്ധ പദ്ധതി മാതൃകപരം; റോണി കെ. ബേബി എം.എൽ.എ.
ചിറക്കടവ്: കിംഗ്ഡം ഓഫ് ഗോഡ് ട്രസ്റ്റിൻറെയും കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജ് ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെൻറിൻറെയും സഹകരണത്തോടെ ചിറക്കടവ് പഞ്ചായത്തിന്റെ അംഗീകാരത്തോടെ ഏഴാം വാർഡിൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ പരിപാലന പരിപാടി – ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം പ്രഫ. റോണി കെ. ബേബി എം.എൽ.എ. നിർവഹിച്ചു. ആഹ്ലാദ നിറവിൽ ജീവിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന പദ്ധതി മാതൃകപരവും അഭിനന്ദനാർഹവുമാണെന്ന് എംഎൽഎ പറഞ്ഞു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാർ, ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോളിക്കുട്ടി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സേതു മാന്താടൻ, വാർഡ് മെംബർ ആൻറണി മാർട്ടിൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു, സെൻറ് ഡൊമിനിക്‌സ് കോളജ് പ്രിൻസിപ്പൽ ഡോ. ബിനോ പി. ജോസ്, സെൻറ് ഡൊമിനിക്‌സ് കോളജ് എക്കണോമിക്‌സ് വിഭാഗം മേധാവി രേഖാ ജോസ്, ഡോക്ടർ ജിപ്‌സൺ വർഗീസ്,ഗീതാ ഷാജി, ജോയി മുണ്ടാപള്ളി, മുഹമ്മദ് റിയാസ് കാൾടെക്‌സ്, റെജി കാവുങ്കൽ, ബിജു മുണ്ടുവേലികുന്നേൽ, അജിത് കുമാർ, ജി. മധുസൂദനൻ നായർ, മെഹർ ഫിറോസ്, ത്രേസ്യാമ്മ നല്ലേപറന്പിൽ, രേഖ ഡോൺ, മഞ്ജു മാത്യു എന്നിവർ പ്രസംഗിച്ചു. ജനറൽ ആശുപത്രി ചീഫ് ഡയറ്റീഷ്യൻ പി.വി. രഞ്ജുമോൾ ക്ലാസ് നയിച്ചു. ഒൻപത് കുടുംബങ്ങൾക്ക് വഴിയൊരുക്കുവാൻ സ്വന്തം സ്ഥലം സൗജന്യമായി വിട്ടു നൽകിയ സോജൻ ജോസഫ് ഇലവുങ്കൽ, ഐസക്ക് ഒതളശേരി എന്നിവർക്ക് സിസ്റ്റർ കൊച്ചു റാണി കരിപ്പാപ്പറമ്പിൽ ആദരവ് നൽകി.
ജീവിതശൈലി രോഗങ്ങൾക്ക് പ്രതിരോധം ഒരുക്കുക, കിടപ്പു രോഗികൾക്ക് ആവശ്യമായ പരിചരണം, പ്രമേഹരോഗികൾക്ക് സമീകൃത ആഹാരം ഉറപ്പുവരുത്തൽ, വ്യായാമത്തിനായി പൊതുഇടങ്ങൾ സൃഷ്ടിക്കുക, പുതു സംരംഭങ്ങൾ, കളിക്കളങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
