ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങി.. തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി അപകടത്തിൽ പെട്ടു.
എരുമേലി : ശബരിമല സീസൺ ആരംഭിച്ച ആദ്യ ദിനങ്ങളിൽ തന്നെ അപകടങ്ങൾ തുടർകഥയായി. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വന്ന കർണാടക സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം റോഡിൽ നിന്നും ഓടയിലേക്ക് തെന്നി മാറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ബുധനാഴ്ച ഉച്ചക്ക് എരുമേലി – കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി അമ്പലവളവിൽ വെച്ചാണ് അപകടം. ഡ്രൈവിങ്ങിൽ ഉറങ്ങിയത് മൂലം നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചതെന്ന് പോലിസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർത്ഥാടക വാഹനങ്ങളിലെ ഡ്രൈവർമാർ മതിയായ വിശ്രമത്തിന് ശേഷം യാത്ര ചെയ്യണമെന്ന് വിവിധ ഭാഷകളിൽ മുന്നറിയിപ്പും ബോധവൽക്കരണവും ഉണ്ടെങ്കിലും ഇത് അവഗണിക്കുന്നത് മൂലം അപകടം സംഭവിക്കുകയാണെന്നും പോലിസ് പറഞ്ഞു.
