കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പതിന്നാലാമത് വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നവംബർ 28ന്.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പതിന്നാലാമത് വാർഷിക പൊതുയോഗവും, കെ.എം. മാണി മെമ്മോറിയൽ കർഷക അവാർഡ് വിതരണവും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും 2026 നവംബർ 28-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30-ന് കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.
കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് താലൂക്കിലെ മികച്ച കർഷകർക്ക് ‘കെ.എം മാണി’ മെമ്മോറിയൽ കർഷക അവാർഡുകൾ ജോസ് കെ.മാണി എം.പി നൽകും. കർഷകരുടെയും,സാധാരണക്കാരുടെയും, ഉന്നമനത്തിനുവേണ്ടി മന്ത്രിയായിരിക്കെ അധികാരം ഉപയോഗിക്കുകയും കൃഷിക്കാർക്കും, സാധാരണക്കാർക്കും വേണ്ടി സാമൂഹ്യ ജലസേചന പദ്ധതികൾ, വെളിച്ച വിപ്ലവം, കാരുണ്യ ചികിത്സ പദ്ധതി, റബ്ബർ വിലസ്ഥിരത പദ്ധതി, കർഷ തൊഴിലാളി പെൻഷൻ, തുടങ്ങി നിരവധി പദ്ധതികൾ ആരംഭിക്കുകയും ചെയ്തിട്ടുള്ള ശ്രീ.കെ.എം മാണിയോടുള്ള ആദര സൂചകമായാണ് ബാങ്ക് അവാർഡ് നൽകുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏറ്റവും മികച്ച കർഷകന് 10000 രൂപയും പ്രശസ്തി പത്രവും ഫലകവും, രണ്ടാം സമ്മാനം 5000 രൂപയും പ്രശസ്തി പത്രവും ഫലകവും,മൂന്നാം സമ്മാനം 3000 രൂപയും പ്രശസ്തി പത്രവും ഫലകവും നൽകും.
യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്തു അധ്യക്ഷത വഹിക്കും. മുൻ കേരള ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് മുഖ്യ പ്രഭാഷണം നടത്തും. പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്കോളർഷിപ്പ് വിതരണം മുൻ പൂഞ്ഞാർ എം.എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. ബാങ്ക് ഭരണസമിതി അംഗമെന്ന നിലയിൽ 15 വർഷക്കാലത്തെ സുത്യർഹമായ സേവനമനുഷ്ഠിച്ച പി.സി ജേക്കബ് പനക്കലിനെ ജോസ് എംപി ആദരിക്കും. കാർഷിക-ഗ്രാമീണ മേഖലയുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി അജേഷ്കുമാർ.കെ അവതരിപ്പിക്കും.
കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, ഐ മൈക്രോസർജറി & ലേസർ സെന്റർ തിരുവല്ല (അമിത ഐ കെയർ & ലാസിക് സെന്റർ) യുടെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10. 30 മുതൽ ഉച്ചയ്ക്ക് 2 വരെ ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് സൗജന്യ നേത്രപരിശോധനയും തിമിരരോഗനിർണ്ണയവും നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തിമിരശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് ദേശീയ അന്ധതാനിവാരണ പദ്ധതിയുടെ (NPCB) സഹായത്താൽ സാധാരണ തിമിരശസ്ത്രക്രിയ (SICS) സൗജന്യമായി ചെയ്ത് കൊടുക്കുന്നതായിരിക്കും. ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി (KASP) ആരോഗ്യ ഇൻഷുറൻസ് കാർഡ് (BPL) ഉള്ളവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് കൊടുക്കുന്നതായിരിക്കും.
കഴിഞ്ഞ കാലഘട്ടങ്ങളിൽ മികച്ച പ്രവർത്തനത്തിലൂടെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ആയിരക്കണക്കിന് കർഷകരെ സഹായിച്ചുവരുന്ന ബാങ്ക് 7.6% പലിശ നിരക്കിൽ കാർഷിക വായ്പകളും കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ പണയ വായ്പ്പയും, 8.5% പലിശ നിരക്കിൽ സ്ഥിര നിക്ഷേപവും സ്വീകരിച്ചു വരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത്, ഭരണസമിതി അംഗങ്ങളായ സാജൻ തൊടുക, സണ്ണിക്കുട്ടി അഴകംപ്രയിൽ, പി.സി ജേക്കബ് പനയ്ക്കൽ, അഡ്വ.സുമേഷ് ആൻഡ്രൂസ് വട്ടയ്ക്കാട്ട്, ബിജോയ് മുണ്ടുപാലം, അജി വെട്ടുകല്ലാംകുഴിയിൽ, കെ.എൻ ദാമോദരൻ കമ്പിയിൽ, പി.പി സുകുമാരൻ, സെലിൻ സിജോ മുണ്ടമറ്റം, ലിസ്സി പോൾ പന്തിരുവേലിൽ, ഗ്രേസി ജോണി ഇല്ലിക്കൽ, സെക്രട്ടറി അജേഷ്കുമാർ കെ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .
