‘സ്പന്ദനം 2K25’ : അഞ്ചും അതില്‍ കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ കൂട്ടായ്മ നടത്തപ്പെട്ടു ; നിങ്ങള്‍ അനുഗ്രഹീതർ : മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ രണ്ടായിരാമാണ്ടിനുശേഷം വിവാഹിതരായ അഞ്ചും അതിൽ കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയായ ‘സ്പന്ദനം 2K25’ കുട്ടിക്കാനം മരിയൻ കോളജിൽ വച്ച് നടത്തപ്പെട്ടു.
ദൈവം മനുഷ്യവർഗ്ഗത്തിന് നൽകിയ ആദ്യത്തെ അനുഗ്രഹം സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ , ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിൻ എന്നതാണ്. ദൈവത്തിന്റെ ഈ അനുഗ്രഹം സ്വീകരിച്ച്, ദൈവം ദാനമായി നല്‍കിയ മക്കളെ സ്വീകരിക്കാന്‍ തയ്യാറായ മാതാപിതാക്കളും, വലിയ കുടുംബത്തില്‍ ജനിച്ച കുഞ്ഞുങ്ങളും, പ്രോഗ്രാമിന് നേതൃത്വം നല്‍കിയ മാതൃവേദി അംഗങ്ങളും അനുഗ്രഹീതരാണെന്ന് ഉദ്ഘാടനസന്ദേശത്തില്‍ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.
മാതാപിതാക്കളുടെ ഏറ്റവും വലിയ സമ്പത്ത് മക്കളാണ്. കുട്ടികള്‍ ദൈവത്തിലടിയുറച്ച് വിശ്വസിച്ച്, ദൈവത്തിലാശ്രയിച്ച് തങ്ങളുടെ ജീവിതം ഒരനുഗ്രഹമായി മാറ്റണം. സമകാലീന ചുറ്റുപാടുകളിലെ പ്രതിസന്ധിയില്‍ തളരാതെ ദൈവാശ്രയത്വത്തില്‍ അടിയുറച്ച് മുന്നേറാന്‍ ദൈവം തുണയാകട്ടെയെന്ന് ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ ജോസ് പുളിക്കല്‍ ആശംസിച്ചു.
രൂപതയിലെ 13 ഫൊറോനകളിൽ നിന്നുള്ള വലിയ കുടുംബത്തിലെ അംഗങ്ങൾ സ്പന്ദനം കൂട്ടായ്മയിൽ സംബന്ധിച്ചു. രൂപതാ മാതൃവേദി ഡയറക്ടർ ഫാ.മാത്യു ഓലിക്കൽ പരിശുദ്ധ കുർബാന അർപ്പിക്കുകയും, തുടര്‍ന്നുനടന്ന പൊതുസമ്മേളനത്തില്‍ കുട്ടിക്കാനം മരിയന്‍ കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.തോമസ് ഞള്ളിയില്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ദൈവം നല്‍കിയ മക്കളോടൊപ്പം മിഷനറി ശുശ്രൂഷ നിര്‍വഹിക്കുന്ന ആനക്കല്‍ മങ്ങാരത്ത് റിജോയും കുടുംബാംഗങ്ങളും തങ്ങളുടെ ദൈവാനുഭവത്തെപ്പറ്റി പങ്കുവെച്ചു. സ്പന്ദം കൂട്ടായ്മയില്‍ നിന്ന് ഈ വര്‍ഷം സമര്‍പ്പിത ജീവിതത്തിലേയ്ക്ക് പ്രവേശിച്ച സി.കാതറൈന്‍ എസ്.എച്ച്.നെ അനുമോദിക്കുകയും, തുടര്‍ന്ന് സിസ്റ്റര്‍ തന്റെ ദൈവവിളി അനുഭവം പങ്കുവെയ്ക്കുകയും ചെയ്തു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ പ്രോഗ്രാമിന് കൂടുതല്‍ ഉണര്‍വ്വേകി. കുരിശുകുന്നേല്‍ ഡെന്നീസും കുടുംബാംഗങ്ങളും പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. സംഗമത്തില്‍ സംബന്ധിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും രൂപതാധ്യക്ഷന്‍ പാരിതോഷികം നല്‍കി. തുടര്‍ന്ന് കഴിഞ്ഞ മൂന്നുവര്‍ഷക്കാലം രൂപത മാതൃവേദി ആനിമേറ്ററായി ശുശ്രൂഷ ചെയ്ത് സ്ഥലംമാറി പോകുന്ന സിസ്റ്റര്‍ ജ്യോതി മരിയ സിഎസ്എന്നിന് യാത്രാമംഗങ്ങള്‍ നേര്‍ന്നു. രൂപത മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. സംഗമത്തിന് മരിയന്‍ കോേളജിലെ സ്റ്റാഫംഗങ്ങള്‍, രൂപത മാതൃവേദി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ബ്രദര്‍ കെവിന്‍ നീര്‍ണാകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
