KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിർമാണം പൂർത്തിയായ ശേഷവും പ്രവർത്തനം ആരംഭിക്കാതെ എരുമേലിയിൽ പകൽ വീടും വൃദ്ധ സദനവും വർഷങ്ങളായി വെറുതേ കിടക്കുന്നു ..

എരുമേലി : ഇനിയും പ്രവർത്തനം ആരംഭിക്കാതെ എരുമേലിയിൽ പകൽ വീടും വൃദ്ധ സദനവും. സ്ത്രീ പുരുഷ വയോജനങ്ങൾക്ക് വേണ്ടിയുള്ള രണ്ട് പദ്ധതികളും നിർമാണം പൂർത്തിയായ ശേഷം പ്രവർത്തനം ആരംഭിച്ചിട്ടില്ല. 12 വർഷമുണ്ട് വൃദ്ധ സദനം കെട്ടിടത്തിന് പഴക്കം. നാളിതുവരെ പ്രവർത്തനമില്ല. അതേസമയം രണ്ട് തവണ ഉദ്ഘാടനം നടന്നു.

പകൽ വീടിന്റെ നിർമാണം പൂർത്തിയായിട്ട് രണ്ടര വർഷമായി. ഇതുവരെയും പ്രവർത്തനം തുടങ്ങിയിട്ടില്ല. എരുമേലി ടൗൺ വാർഡിൽ മണിപ്പുഴ ചെമ്പകപ്പാറ ഭാഗത്ത്‌ വനിതാ ഷീ ഹോസ്റ്റലിന് സമീപമാണ് വൃദ്ധ സദനം. ഒരു കിലോമീറ്റർ അകലെ പ്രപ്പോസ് വാർഡിൽ കൊടിത്തോട്ടം ഭാഗത്താണ് പകൽ വീട്.

നിരാലംബരായ വയോധികരെ സംരക്ഷിച്ച് താമസിപ്പിക്കാൻ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ട് കെട്ടിടങ്ങളും അടുക്കളയും ശുചിമുറികളും ഡൈനിങ് ഹാളും പ്രാർത്ഥന മുറിയും ഉൾപ്പടെ 2012 ലാണ് ലോക ബാങ്ക് ഫണ്ടും പഞ്ചായത്ത്‌ ഫണ്ടും ഉൾപ്പടെ ഒരു കോടിയോളം ചെലവിട്ട് എരുമേലി ടൗൺ വാർഡിലെ മണിപ്പുഴ ചെമ്പകപ്പാറയിൽ വൃദ്ധ സദനം നിർമിച്ചത്. ഇതിനടുത്ത് പ്രപ്പോസ് വാർഡിൽ കൊടിത്തോട്ടം കോളനി ഭാഗത്താണ് പകൽ വീട് നിർമിച്ചത്.

വയോധികർക്ക് പകൽ സമയത്ത് വിശ്രമത്തിനായാണ് പകൽ വീട്. ആദ്യ ഘട്ടത്തിൽ 12 ലക്ഷം ചെലവിട്ട് ഹാളും ശൗചാലയവും ഉൾപ്പടെ കെട്ടിടം നിർമിച്ചിരുന്നു. തുടർന്ന് വൈദ്യു‌തീകരണം, പ്ലമ്പിങ്, പെയിന്റിംഗ്, മുറ്റം മോടി പിടിപ്പിക്കൽ ഉൾപ്പടെ രണ്ടാം ഘട്ടത്തിൽ 359854 രൂപ ചെലവിട്ടിരുന്നു.

error: Content is protected !!