KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയ്ക്ക് ഇനി 24 വാർഡ് : പുതിയ പഞ്ചായത്തില്ല.

എരുമേലി : തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാർഡുകളുടെ നിർണയത്തിൽ അന്തിമ വിജ്ഞാപനമായതോടെ ഒരു വാർഡ് കൂടി വർധിച്ച് 24 വാർഡുകളായി എരുമേലി. ജില്ലയിൽ ഏറ്റവും വിസ്തൃതിയുള്ള പഞ്ചായത്ത്‌ എന്ന സ്ഥാനം ഇതോടെ വീണ്ടും എരുമേലിക്ക് തന്നെ. വിസ്തൃതിയിലും വാർഡുകളുടെ എണ്ണത്തിലും മുമ്പും എരുമേലിയായിരുന്നു മുന്നിൽ. പുതിയ പഞ്ചായത്ത്‌ രൂപീകരണം നടന്നിരുന്നു എങ്കിൽ എരുമേലി രണ്ട് പഞ്ചായത്ത്‌ ആയി മാറുമായിരുന്നു. ഇതിന് എല്ലാ നടപടികളും പൂർത്തിയായി വന്നപ്പോഴാണ് ഒടുവിൽ പ്രളയം മൂലം സംസ്ഥാനം നേരിട്ട സാമ്പത്തിക പ്രതിസന്ധിയിൽ പുതിയ പഞ്ചായത്തുകളുടെ രൂപീകരണം ഒഴിവാക്കപ്പെട്ടത്. ഇക്കഴിഞ്ഞ നവംബറിലാണ് വാർഡ് നിർണയം നടന്നത്. തുടർന്ന് ആക്ഷേപങ്ങൾ സ്വീകരിച്ചു ഹിയറിങ്ങ് നടത്തിയ ശേഷം ആണ് അന്തിമ നിർണയമായി ഇപ്പോൾ വിജ്ഞാപനമായിരിക്കുന്നത്. അതേസമയം വാർഡ് നിർണയത്തിൽ അപാകതകൾ ചൂണ്ടിക്കാട്ടി ആക്ഷേപങ്ങൾ സമർപ്പിക്കപ്പെട്ടിരുന്നു. കോൺഗ്രസ്‌ നേതൃത്വം ആണ് പ്രധാനമായി ആക്ഷേപങ്ങൾ നൽകിയത്. എന്നാൽ ഹിയറിങ്ങിൽ ഈ ആക്ഷേപങ്ങൾക്ക് കൃത്യമായ പരിഹാരം നൽകിയില്ലന്നും നേരത്തെ നിർണയിച്ച പ്രകാരം വാർഡ് നിർണയ ലിസ്റ്റ് അതേപടി അന്തിമമാക്കിയെന്നും കോൺഗ്രസ്‌ നേതൃത്വം ആരോപിക്കുന്നു.

നമ്പർ മാറി.

നിലവിലുണ്ടായിരുന്ന 23 വാർഡുകളിൽ പലതിന്റെയും അതിരുകളും വോട്ടർമാരുടെ എണ്ണവും കുറച്ചും കൂട്ടിച്ചേർത്തും ആണ് 24 വാർഡുകൾ ആക്കി ഇപ്പോൾ പുനർ നിർണയിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പഴയ അതിരുകൾ പ്രകാരമല്ല വാർഡുകൾ. ഒന്ന് മുതൽ മൂന്ന് വരെ പഴയ വാർഡുകൾ ആണ്. നാലാമത്തെ വാർഡായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഏറ്റവും അവസാനത്തെ (24) വാർഡായി മാറി. ഇതോടെ നാല് മുതൽ വാർഡുകളുടെ പഴയ നമ്പർ മാറി.

നവജാതയായി മണിപ്പുഴ.

പുതിയ വാർഡ് രൂപീകരിച്ചത് മണിപ്പുഴ ആണ്. പ്രപ്പോസ്, എരുമേലി ടൗൺ, ശ്രീനിപുരം വാർഡുകളുടെ അതിർത്തികളിൽ മാറ്റം വരുത്തി ആണ് ഈ പുതിയ വാർഡിന്റെ രൂപീകരണം. 20 ആണ് മണിപ്പുഴ വാർഡിന്റെ നമ്പർ. നേരത്തെ എരുമേലി ടൗൺ വാർഡായിരുന്നു 20. പുതിയ മണിപ്പുഴ വാർഡിന്റെ ജനസംഖ്യ 1971 ആണ്. അതിർത്തി ഇങ്ങനെ- വടക്ക് നെടുങ്കാവുവയൽ ഐടിസി മുതൽ മറ്റന്നൂർക്കര റോഡ്, കിഴക്ക് കരിങ്കല്ലുമ്മുഴി മുതൽ മറ്റന്നൂർക്കര റോഡ്, തെക്ക് കരിങ്കല്ലുമ്മുഴി മുതൽ ചെമ്പകപ്പാറ വെയ്റ്റിംഗ് ഷെഡ് ഗേറ്റ് റോഡ്, പടിഞ്ഞാറ് ചെമ്പകപ്പാറ വെയ്റ്റിംഗ് ഷെഡ് ഗേറ്റ് റോഡ് മുതൽ മണിപ്പുഴ ജങ്ഷനും തുടർന്ന് മണിപ്പുഴ ദ്വീപും തോടും.

വമ്പൻ ഉമ്മിക്കുപ്പ, കുഞ്ഞൻ ചെറുവള്ളി.

ജനസംഖ്യയിൽ മുന്നിൽ ഉമ്മിക്കുപ്പ വാർഡാണ്. 2004 ആണ് ജനസംഖ്യ. തൊട്ടടുത്ത് 2001 ജനസംഖ്യയുമായി മുക്കൂട്ടുതറ വാർഡ് രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവ് ഏറ്റവും അവസാനത്തെ വാർഡായി മാറിയ ചെറുവള്ളി എസ്റ്റേറ്റ് ആണ്. ഇവിടുത്തെ ജനസംഖ്യ 1206 ആണ്. ജനസംഖ്യയിൽ ഇതിന്റെ പിന്നിൽ 1233 പേരുള്ള എയ്ഞ്ചൽവാലി വാർഡാണ്.

അനുകൂലമോ പ്രതികൂലമോ.

വാർഡുകൾ മാറി മറിയുകയും വോട്ടർമാരുടെ എണ്ണത്തിൽ മാറ്റങ്ങളും ആയതോടെ ആശയക്കുഴപ്പത്തിലാണ് ഇടതു വലതു മുന്നണികൾ. പരസ്യമായി പ്രതികൂല അഭിപ്രായം ഇടതുപക്ഷത്ത് നിന്നുമുയർന്നിട്ടില്ലങ്കിലും അനുകൂല അഭിപ്രായം ശക്തവുമല്ല. അതേസമയം തികച്ചും അശാസ്ത്രീയമായാണ് പുനർ നിർണയം നടത്തിയിട്ടുള്ളതെന്ന് കോൺഗ്രസ്‌ നേതൃത്വം ആരോപിക്കുന്നു. വോട്ടർമാരെ വട്ടം ചുറ്റിക്കുന്ന നിലയിലാണ് വാർഡുകൾ മാറിയിരിക്കുന്നത്. അടുത്ത വാർഡിൽ പോയി വോട്ട് ചെയ്യേണ്ട സ്ഥിതിയിലാണ് പല വാർഡുകളിലെയും വോട്ടർമാരുടെ സ്ഥിതി. കോൺഗ്രസ്‌ ഭൂരിപക്ഷം ഉള്ള വാർഡുകൾ ആണ് ഇങ്ങനെ മാറ്റി മറിച്ചിരിക്കുന്നത്. ഇടതുപക്ഷ സംഘടനയിൽ പെട്ട ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇടതുപക്ഷത്തിന് ജയിക്കാനാവുന്ന നിലയിൽ വാർഡുകളെ മാറ്റി മറിച്ചെന്ന് കോൺഗ്രസ്‌ നേതൃത്വം ആരോപിക്കുന്നു. അതേസമയം ബിജെപിയുടെ ഭാഗത്ത്‌ നിന്നും പ്രതികരണമുണ്ടായിട്ടില്ല. വിശദമായി പഠിക്കട്ടെ എന്ന് ബിജെപി നേതൃത്വം പറയുന്നു.

error: Content is protected !!