KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചെറുകിട ക്ഷീര കര്‍ഷകർക്ക് കരുതലായി മലനാട് മിൽക്ക്

പാറത്തോട്: ശുദ്ധമായ ഭക്ഷണം സാധാരണക്കാരന്റെ അവകാശമാണെന്നും അതിൽ നിന്ന് ജീവിതമാർഗം കണ്ടെത്തുക കർഷകന്റെ അവകാശമാണെന്നും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ . മലനാട് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും ഫാ. മാത്യു വടക്കേമുറിയിൽ മെമ്മോറിയൽ അവാർഡുകളുടെ വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയിലൂടെ ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് നിരവധി പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഉല്‍പ്പാദകന് സമൃദ്ധിയും ഉപഭോക്താവിന് സംതൃപ്തിയും ഉണ്ടാവുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം. പാലിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് വേനല്‍ക്കാല ഇന്‍സെന്റീവായി കിലോയ്ക്ക് 15 രൂപ വരെ നല്‍കും. ക്യാറ്റില്‍ പോപ്പുലേഷന്‍ വര്‍ധിപ്പിക്കുന്നതിനായി കന്നുകുട്ടി പരിപാലന പദ്ധതിയും കന്നുകാലികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇന്‍ഷ്വറന്‍സ് പദ്ധതിയും ഈ വര്‍ഷവും തുടരും. സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് സംഘങ്ങളിലൂടെ കാലിത്തീറ്റ വിതരണം ചെയ്യും. അഡ്വാന്‍സ്ഡ് ഫോഡര്‍ കള്‍ട്ടിവേഷന്‍ പദ്ധതിപ്രകാരം നവീന പുല്‍വിത്തുകള്‍ കര്‍ഷകരിലെത്തിക്കുമെന്നും സംഘങ്ങള്‍ക്ക് മൂന്നു ലക്ഷം കിലോയോളം കാലിത്തീറ്റ പകുതി വിലയ്ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. വര്‍ഗീസ് കുളമ്പള്ളില്‍, ഡോ. പി.വി. മാത്യു പ്ലാത്തറ, പ്രഫ. സാലിക്കുട്ടി തോമസ്, ജയകുമാര്‍ മന്നത്ത്, ബേബി സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!