KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യോഗയിൽ ഇനിയും ഉയരങ്ങൾ താണ്ടുവാൻ രേവതി രാജേഷ് ..

എരുമേലി : എരുമേലി മണിപ്പുഴ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ്- രാജി ദമ്പതികളുടെ മകളായ രേവതി രാജേഷ്, എട്ട് തവണയാണ് ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധികരിച്ചത്. ഏതാനും വർഷങ്ങൾക്ക് മുൻപ് , മലേഷ്യയിൽ നടന്ന അന്താരാഷ്ര യോഗ മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പങ്കെടുക്കുവാൻ സാധിക്കാതെ പോയതിന്റെ വിഷമം രേവതിക്ക് ഇനിയും മാറിയിട്ടില്ല. ഇനിയും അവസരം കിട്ടിയാൽ എങ്ങനെയെങ്കിലും പോകണം എന്നുതന്നെയാണ് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലെ രണ്ടാം വർഷ ബികോം വിദ്യർത്ഥിനിയായ രേവതിയുടെ ഏറ്റവും വലിയ ആഗ്രഹം .

വെൺകുറിഞ്ഞി എസ്എൻഡിപി എച്ച് എസ് എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കായിക അധ്യാപിക എസ്. റെജിയാണ് യോഗ പരിശീ ലനത്തിലേക്ക് രേവതിയെ കൈപിടിച്ചു കൊണ്ടുവന്നത്. തുടർന്ന് ഒൻപത് വർഷമായി തുടരുന്ന യോഗ പരിശീലനമാണ് രേവതിക്ക് ഉയരങ്ങൾ താണ്ടുവാൻ ശക്തി നൽകുന്നത്.

പരിശീലനം ആരംഭിച്ച രണ്ടാം വർ ഷം 2019ൽ 12-14 വയസ്സ് കാറ്റഗറിയിൽ ദേശീയ യോഗാ ഒളിംപ്യാഡ് മത്സരത്തിൽ പങ്കെടുത്ത് വെങ്കലമെഡൽ നേടിയത് ജീവിതത്തിന്റെ വഴിത്തിരിവായി. 8 തവണയാണ് രേവതി ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധികരിച്ചത്. 2022ൽ ഡൽഹിയിൽ നടന്ന ദേശീയ യോഗാ ഒളിംപ്യാഡിൽ സ്വർണം നേട്ടവും കൈവരിച്ചു.

പഠിച്ചത് പത്തനംതിട്ട ജില്ലയിലെ വെൺകുറിഞ്ഞി സ്കൂളിൽ ആയതിനാൽ പത്തനംതിട്ട യോഗാ അസോസിയേഷനിലാണു രേവതി തുടർന്നത്. യോഗ അസോസിയേഷൻ മത്സരങ്ങളിലാണ് ഇപ്പോൾ പ്രധാനമായും പങ്കെടുക്കുന്നത്. അസോസിയേഷൻ നടത്തിയ ദേശീയ മത്സരത്തിൽ യോഗാ റിഥമിക് മത്സരത്തിലും യോഗാസനത്തിലും 4, 5 സ്ഥാനത്ത് എത്തിയിരുന്നു .

എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ മുതൽ 2 മണിക്കൂർ വരെ യോഗ പരിശീലനത്തിനായി മാറ്റിവയ്ക്കും. കാഞ്ഞിരപ്പള്ളി എസ്, ഡി, കോളേജിലെ കായിക അധ്യാപകൻ പ്രവീൺ തര്യൻ പ്രോത്സാഹനവുമായി ഒപ്പമുണ്ട് . രേവതിയുടെ സഹോദരൻ രാഹുൽ രാജേഷ് പ്ലസ് വൺ വിദ്യാർഥിയാണ്.

error: Content is protected !!