KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജലജീവൻ മിഷന് പൈപ്പിടാൻ കുത്തിപ്പൊളിച്ച റോഡ് തകർന്നു

എരുമേലി : ജലജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചതോടെ മറ്റന്നൂർക്കര ലക്ഷം വീട് – പത്തായക്കുഴി റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായി. പൈപ്പ് സ്ഥാപിക്കാൻ ഒരാഴ്ച മുൻപാണ് 300 മീറ്റർ നീളമുള്ള ഈ റോഡ് കുത്തിപ്പൊളിച്ചത്. കോൺക്രീറ്റ് റോഡ് പൂർണമായും തകർത്താണ് മണ്ണുമാന്തി ഉപയോഗിച്ച് കുഴി എടുത്തത്. ഇതിനു ശേഷം കുഴിച്ച ഭാഗത്ത് പൈപ്പ് സ്ഥാപിച്ച് മണ്ണ് മൂടിയ ശേഷം പണിക്കാർ പോകുകയായിരുന്നു. കനത്ത മഴയിൽ റോഡ് കുഴിച്ച ഭാഗത്തെ മണ്ണ് ഒലിച്ചു പോകുകയും റോഡിൽ ചെളി നിറയുകയും ചെയ്തു. ഇപ്പോൾ ഈ റോഡിലൂടെ കാൽനടയാത്ര പോലും കഴിയാത്ത സ്ഥിതിയാണ്.

40 കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. റോഡ് തകർന്നു കിടക്കുന്നതുമൂലം ഓട്ടം വിളിച്ചാൽ ഓട്ടോ റിക്ഷക്കാർ മടിക്കുകയാണെന്നു നാട്ടുകാർ പറയുന്നു. സാധാരണ റോഡുകളുടെ അരികിലൂടെയാണു ജലവിതരണത്തിനുള്ള പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നത്. എന്നാൽ ഈ റോഡിന്റെ മധ്യഭാഗത്തോടു ചേർന്ന് കോൺക്രീറ്റ് ഇളക്കി കുഴി എടുത്തതാണ് പൈപ്പ് സ്ഥാപിച്ചത്. റോഡിൽ മണ്ണുമാന്തിയുടെ കാലുകൾ ഉറപ്പിച്ചതു മൂലം കോൺക്രീറ്റ് പൂർണമായും കുഴിഞ്ഞ നിലയിലാണ്.

എൻഎസ്.എസ്, എസ്എൻഡിപി സംഘടനകളുടെ ശ്മശാനങ്ങളി ലേക്കു പോകുന്നത് ഈ റോഡിലൂടെയാണ്. മിക്ക ദിവസങ്ങളിലും സംസ്കാരം ഉണ്ടാകും. ആംബുലൻസുകൾ അടക്കം ഈ റോഡിലൂടെയാണ് പോകുന്നത്. റോഡ് കുഴിച്ചതോടെ സംസ്കാരത്തിനായി പോകുന്ന വാഹനങ്ങളും
ഏറെ ബുദ്ധിമുട്ടുകയാണ്.

സ്കൂൾ കുട്ടികൾ പോലും ഏറെ ബു ദ്ധിമുട്ടിയാണ് ഇതുവഴി നടന്നു പോകുന്നത്. എത്രയും വേഗം റോഡ് കോൺക്രീറ്റ് ചെയ്ത് യാ ത്രായോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപെടുന്നു .

വൈദ്യുതി ജോലികൾക്കു എത്തിയ കെഎസ്ഇബി പിക്കപ് ജീപ്പ് ഏതാനും ദിവസത്തിനു ള്ളിൽ 2 തവണയാണ് റോഡിൽ താഴ്ത്തത്. റോഡിൽ കുറച്ചുഭാഗം കോൺക്രീറ്റ് ചെയ്യാത്ത സ്ഥലമുണ്ട്. ഇവിടെ കുഴിയെടുത്ത സ്ഥലത്ത് വെള്ളം കെട്ടിക്കിടന്നാണു പിക്കപ് ജീപ്പ് താഴ്ന്നത്. കേബിൾ വലിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് എത്തിയ പിക്കപ് ജീപ്പാണിത്. പിന്നീട് കെട്ടിവലിച്ചാണു കുഴിയിൽ നിന്ന് മാറ്റിയത്.

ലൈഫ് മിഷൻ പദ്ധതി പ്രകാരം 5 വീടുകളാണ് ഈ പ്രദേശത്ത് നിർമിക്കുന്നത്. നിർമാണ വസ്തുക്കളുമായി വാഹനങ്ങൾക്ക് റോഡിലൂടെ പോകാൻ കഴിയാത്തതിനാൽ നിർമാണം നിലച്ച സ്ഥിതിയാണ്.

error: Content is protected !!