പൊൻകുന്നംകാരുടെ പൊൻമനസ്സിന്റെ നന്മയിൽ മറുനാടൻ വയോധികന് ലഭിച്ചത് പുതുജന്മം..
കാഞ്ഞിരപ്പള്ളി : പത്തുമാസം മുൻപ് ഒരു സുപ്രഭാത്തിൽ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്നും മുംബയിലെ ബന്ധുവിനെ കാണുവാൻ പുറപ്പെട്ട അശോക് രാജാറാം ഗൗഡ എന്ന വയോധികൻ ട്രയിൻ മാറിയാണ് കയറിയത്. മുംബൈയ്ക്ക് പോകുന്ന ട്രെയിനിൽ കയറുന്നതിന് പകരം , മുംബയിൽ നിന്നും കേരളത്തിലേക്ക് പോകുന്ന ട്രെയിനിലാണ് കയറിയത് . അങ്ങനെ ദിശ തെറ്റി അദ്ദേഹം കേരളത്തിൽ എത്തിയിട്ട് പത്തുമാസം കഴിഞ്ഞു.
മറാഠി ഭാഷ മാത്രം അറിയാവുന്ന, ചെറിയ മാനസിക വെല്ലുവിളികൾ നേരിടുന്ന രാജാറാം ഗൗഡ, പല നാടും ചുറ്റി, ഒടുവിൽ കറങ്ങിത്തിരിഞ്ഞു പൊൻകുന്നത് എത്തി. അവിടെവച്ചു വേണുധരൻ പിള്ള എന്നയാളെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. കൈവിട്ട ജീവിതം വീണ്ടും പൂത്തുതളിർത്തു.. നാല്പത് വർഷങ്ങളോളം മഹാരഷ്ട്രയിൽ ജീവിച്ച വേണുധരൻ പിള്ളയ്ക്ക് , മറാഠി ഭാഷ നല്ല വശമായിരുന്നു. അതിനാൽ മറാഠിയിൽ രാജാറാം ഗൗഡയോട് ആശയവിനിമയം നടത്തി , നാട് മനസ്സിലാക്കി, അവിടെയുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഗൗഡയുടെ ഫോട്ടോ വാട്ട്സാപ്പിൽ അയച്ചുകൊടുത്തു . എല്ലാ പോലീസ് സ്റ്റേഷനിലേക്കും, നാടെങ്ങും ഫോട്ടോ പ്രചരിച്ചപ്പോൾ ഗൗഡയുടെ ബന്ധുക്കൾ ആളെ തിരിച്ചറിയുകയായിരുന്നു.
ചിറക്കടവ് പഞ്ചായത്ത് മെമ്പർമാരായ ആന്റണി മാർട്ടിനും , സുമേഷ് ആൻഡ്രൂസും വേണുധരൻ പിള്ളയ്ക്ക് ഒപ്പം കൂടിയതോടെ കാര്യങ്ങൾ വേഗത്തിലായി. കഴിഞ്ഞ പത്തുമാസങ്ങളായി അശോക് രാജാറാം ഗൗഡയെ തിരഞ്ഞു നിരാശരായ കുടുബത്തിന് വളരെയേറേ സന്തോഷമുള്ള വാർത്തയാണ് വേണുധരൻ പിള്ള ഫോണിലൂടെ അവരെ അറിയിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട സഹോദരൻ ജീവനോടെയുണ്ട് എന്ന വർത്തയറിഞ്ഞു രാജാറാം ഗൗഡയുടെ മൂത്ത സഹോദൻ രമേശ് രാജാറാം ഗൗഡയും മകനും വേഗം കാഞ്ഞിരപ്പള്ളിയിൽ എത്തി അശോക് രാജാറാം ഗൗഡയെ തിരികെ ഏറ്റുവാങ്ങി ..
ബന്ധുക്കൾ കേരളത്തിൽ എത്തുന്നതുവരെ അശോക് രാജാറാം ഗൗഡയെ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് പൊൻകുന്നം പോലീസ് വേണുധരൻ പിള്ളയോട് നിദേശിച്ചിരുന്നു. അതനുസരിച്ചു രാജാറാം ഗൗഡയെ കൂവപ്പള്ളി ഹോളിക്രോസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഡോക്ടർ സിസ്റ്റർ ഷിൻസി എബ്രഹാമിന്റെ നേതൃത്തത്തിൽ ഗൗഡയ്ക്ക് അവിടെ ഏറെ കരുതലോടെയുള്ള സ്നേഹപരിചരണമാണ് ലഭിച്ചത്.
ഹോളിക്രോസ് ആശുപത്രിയിൽ എത്തിയാണ് ബന്ധുക്കൾ രാജാറാം ഗൗഡയെ ഏറ്റുവാങ്ങിയത് . തന്റെ സഹോദരന്റെ കാര്യത്തിൽ, കേരളത്തിന്റെ ദയാവായ്പിനും കരുതലിനും തന്റെയും കുടുംബത്തിന്റെയും നന്ദിയും പ്രാർത്ഥനയും എന്നും ഉണ്ടാവുമെന്നും, അശോക് രാജാറാം ഗൗഡയെ ചേർത്തുനിർത്തി , സഹോദരൻ രമേശ് രാജാറാം ഗൗഡ, നിറകണ്ണുകളുടെ പറഞ്ഞു .
ഏറെ വികാരവായ്‌പോടെയാണ് രാജാറാം ഗൗഡ യാത്ര പറഞ്ഞത്. കേരളത്തെപ്പറ്റി അഭിപ്രായം ചോദിച്ചപ്പോൾ അശോക് രാജാറാം ഗൗഡ പറഞ്ഞു ” കേരൾ സുന്ദർ സേ സുന്ദർ ഹേ “. അതേ കേരളം അതിമനോഹരമാണ് .. ഇതുപോലെയുള്ള ജനങ്ങൾ അധിവസിക്കുന്നത്, കേരളത്തിന്റെ മനോഹാരിതയ്ക്ക് ഏറെ മാറ്റുകൂട്ടുന്നു …
