അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി കാഞ്ഞിരപ്പള്ളി ബസ്റ്റാന്റ് പത്ത് ദിവസത്തേക്ക് അടച്ചിടും
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റ് ജൂലൈ 5 ശനിയാഴ്ച മുതല്‍ 15/07/2025 വരെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബസ്റ്റാൻഡിന് മുൻവശം യാത്രക്കാരെ കയറ്റിയിറക്കി ബസ്സുകൾ സ്റ്റാന്റിൽ കയറാതെ പോകും.യാത്രക്കാർ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റാന്റിൽ ബസ് കാത്തു നിൽക്കേണ്ടതില്ല.
കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിൽ നിന്നും ദേശീയപാതയിലേക്ക് ഇറങ്ങുന്ന വഴിയിലെ സ്ലാബുകൾ മാലിന്യം അടിഞ്ഞും കാലപ്പഴക്കത്തിൽ ബലക്ഷയമായും കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാതയുടെ ഭാഗമായ ഓട വൃത്തി ആക്കുന്നതിനും പുതിയ സ്ലാബുകൾ സ്ഥാപിക്കുന്നതിനും പണികൾ ആരംഭിച്ചതിന്റെ ഭാഗമായാണ് ബസ്റ്റാന്റ് അടച്ചിടുന്നത് . മാലിന്യം ക്ലീൻ ചെയ്യുന്ന പ്രവർത്തി ആയതിനാലും ടൗണിലെ തിരക്ക് പരിഗണിച്ചും രാത്രി സമയത്താണ് പ്രസ്തുത അറ്റകുറ്റപ്പണികൾ നടക്കുക. പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായി ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അറിയിച്ചു.
